ന്യൂഡൽഹി: ഡൽഹിയിൽ മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളുടെ കുത്തേറ്റ് 88 വയസുകാരി മരിച്ചു.പടിഞ്ഞാറൻ ഡൽഹിയിൽ സഫ്ദർജംഗ് എൻക്ലേവിലെ താമസക്കാരനും വിദേശ കാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബി.ആർ. ചൗളയുടെ (94) ഭാര്യ കാന്ത ചൗളയാണ് (88) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ബി.ആർ. ചൗളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 9ഓടെയാണ് സംഭവം. മോഷണശ്രമം തടാൻ ശ്രമിക്കുന്നതിനിടെ കാന്തയെ മൂർച്ചയുള്ള വസ്തു കൊണ്ട് മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. രണ്ട് മക്കളുടെയും മരണ ശേഷം ചൗളയും കാന്തയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.ഇവരുടെ കെട്ടിടത്തിൽ ഈയടുത്ത് ജോലിക്ക് ചേർന്ന സുരക്ഷാ ജീവനക്കാരനും രണ്ടോ മൂന്നോ കൂട്ടാളികളും ചേർന്നാണ് മോഷണത്തിനായി ദമ്പതിമാരുടെ വീട്ടിൽ കടന്നതെന്ന് പൊലീസ് പറഞ്ഞു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.