modi,-manmohan

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുകൾ ഉപയോഗിക്കുന്നതും പ്രഖ്യാപനങ്ങൾ നടത്തുന്നതും പരിണിതഫലം തിരിച്ചറിഞ്ഞുവേണമെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻസിംഗ് അഭിപ്രായപ്പട്ടു.തെറ്റായ വിവരങ്ങൾ നയതന്ത്രത്തിനു പകരമാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കിഴക്കൻ ലെഡാക്കിൽ ചൈനയുമായുള്ള സംഘർഷം സംബന്ധിച്ച് നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന് എതിരെയാണ് മുന്നറിയിപ്പ്. ചൈന കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യൻ പ്രദേശത്ത് നിലയുറപ്പിച്ചിട്ടില്ലെന്നുമാണ് നരേന്ദ്രമോദി സർവകക്ഷിയോഗത്തിൽ പ്രഖ്യാപിച്ചത്.

ഇതു ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നതിനു പിന്നാലെയാണ് മുൻപ്രധാനമന്ത്രിയുടെ വിമർശനം.

ചൈന നടത്തുന്ന അധിനിവേശങ്ങൾക്ക് മുന്നിൽ തലകുനിക്കുന്ന വിധത്തിലാകരുത് പ്രധാനമന്ത്രിയുടെ വാക്കുകൾ. കരുതലോടെയാവണം വാക്കുകൾ പ്രയോഗിക്കേണ്ടത്.ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനോട് നീതികാട്ടണം.

സർക്കാരിന്റെ തീരുമാനങ്ങളും നടപടികളും വരുംതലമുറയെക്കൂടി ബാധിക്കുന്നതാണ്.

പ്രശ്‌നം വഷളാകാതെ നോക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ സംവിധാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം.

ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞ ഏപ്രിൽ മുതൽ ഗാൽവൻ താഴ്വരയിലടക്കം ചൈനയുടെ കടന്നുകയറ്റം ഉണ്ടായി.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വാസ്തവം മൂടിവയ്ക്കാനാവില്ലെന്നും അത് എതിരാളികളുടെ നിലപാടിന് ശക്തി പകരുമെന്നും മൻമോഹൻസിംഗ് ഓർമ്മിപ്പിച്ചു.

സേനയുടെ ആത്മവീര്യം

കെടുത്തരുത്:ബി.ജെ.പി

സൈനികരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളിൽ നിന്ന് കോൺഗ്രസ് പിന്തിരിയണമെന്ന് മൻമോഹൻസിംഗിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പ്രതികരിച്ചു. ബാലാക്കോട്ട് വ്യോമാക്രമണ സമയത്തും സർജിക്കൽ ആക്രമണം നടന്നപ്പോഴും കോൺഗ്രസ് നിലപാട് ഇതു തന്നെയായിരുന്നു. മൻമോഹൻസിംഗിന്റെ കാലത്ത് ചൈനീസ് പട്ടാളം 600 തവണ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു കയറിയിട്ടുണ്ടെന്നും നദ്ദ ചൂണ്ടിക്കാട്ടി.