safura-saragar

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥിനിയും ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്ററുമായ സഫൂറ സർഗറിന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. 53 പേർ മരിക്കുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വടക്ക് കിഴക്കൻ ഡൽഹി കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാളാണ് സഫൂറയെന്ന് ഡൽഹി പൊലീസ് ഡൽഹി സ്‌പെഷ്യൽ സെൽ ഡി.സി.പി പി.എസ് കുശ്‌വഹ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചു. സഫൂറയുടെ വാട്സാപ്പ് സന്ദേശങ്ങൾ അതിന് തെളിവാണ്. ഗർഭിണിയാണ് എന്ന ഒറ്റക്കാരത്താൽ ജാമ്യം നൽകാനാവില്ല.10 വർഷത്തിനിടെ 39 പേർ തീഹാർ ജയിലിൽ പ്രസവിച്ചിട്ടുണ്ട്. ഒട്ടേറെ തടവുകാർ ഗർഭിണികളായി ജയിലുകളിലുണ്ട്. എല്ലാവർക്കും നിയമം ഒരുപോലെയാണ്.

ജയിലുകളിൽ പ്രസവിക്കുന്നതിനും മതിയായ സൗകര്യങ്ങൾ ഉണ്ടെന്നും സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിയമത്തിൽ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. നാല് മാസം ഗർഭിണിയായ സഫൂറ കഴിഞ്ഞ രണ്ട് മാസമായി തിഹാർ ജയിലിലാണ് .കേസിൽ ഇന്ന് വിധി പറയും.