ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രീംകോടതി നിയന്ത്രണങ്ങളോടെ അനുമതി നൽകി. ചില നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ രഥയാത്ര നടത്തുന്നതിനെ അനുകൂലിക്കുന്നതായി കേന്ദ്രസർക്കാരും ഒഡിഷ സർക്കാരും സുപ്രീംകോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ആരോഗ്യ സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ക്ഷേത്ര കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ രഥയാത്ര നടത്താമെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഉൾപ്പെട്ട ബഞ്ച് അറിയിച്ചു.
സാഹചര്യങ്ങൾ നിയന്ത്രണാതീതമാണെന്ന് സർക്കാരിന് തോന്നിയാൽ വേണമെങ്കിൽ യാത്രയും ഉത്സവവും നിറുത്തിവയ്ക്കാം.സംസ്ഥാന സർക്കാരിന് കടുത്ത നിയന്ത്രണങ്ങളും കർഫ്യുവും ഏർപ്പെടുത്താമെന്നും ബെഞ്ച് അറിയിച്ചു.
ജഗന്നാഥ ഭഗവാൻ പുറത്തേക്കു വന്നില്ലെങ്കിൽ വിശ്വാസമനുസരിച്ച് 12 വർഷത്തേക്ക് അദ്ദേഹത്തിന് അതിനു കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഇക്കൊല്ലം രഥയാത്ര നടത്തിയില്ലെങ്കിലും ജഗന്നാഥൻ ക്ഷമിക്കുമെന്ന പരാമർശത്തോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് യാത്ര വേണ്ടെന്നുവച്ചത്.