india-china

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതും, അതിർത്തിയിലെ തർക്കപ്രദേശത്ത് നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്നതും സംബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ അതിർത്തിയിൽ രണ്ടാം വട്ട കൂടിക്കാഴ്‌ച നടത്തി.

ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ട വിവരം കൂടിക്കാഴ്ചയിൽ ചൈന സ്ഥിരീകരിച്ചു.ചൈനീസ് കമാൻഡർ അടക്കം 15പേരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സംഘം കൈമാറിയ വിവരം പുറത്തുവന്നിരുന്നു.

ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ദക്ഷിണ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിനും തമ്മിൽ രാവിലെ 11.30ന് ആരംഭിച്ച കൂടിക്കാഴ്‌ച രാത്രിവരെ നീണ്ടു. പട്രോളിംഗിന് റൈഫിൾ ഉപയോഗിക്കുന്നതടക്കം വരുത്തുന്ന മാറ്റങ്ങൾ ഇന്ത്യ ധരിപ്പിച്ചതായി സൂചനയുണ്ട്.

ഇന്നലെ ഇന്ത്യൻ കരസേനാ കമാൻഡർമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ എം.എം. നരാവനെ സ്ഥിതിഗതികൾ വിശദീകരിച്ചു. ഈയാഴ‌്‌ച അദ്ദേഹം ലഡാക് അതിർത്തി സന്ദർശിച്ചേക്കും.

ചൈന മുൻകൈയെടുത്താണ് ഇന്നലെ അതിർത്തി ചെക്ക് പോസ്‌റ്റായ മോൾഡയിൽ അവരുടെ പ്രദേശത്ത് കമാൻഡർ തല കൂടിക്കാഴ്‌ചയ്‌ക്ക് വഴിയൊരുക്കിയത്. ഇരുവരും ജൂൺ ആറിന് നടത്തിയ ചർച്ചകളിലെ ധാരണ പ്രകാരം സൈനിക പിൻമാറ്റം ആരംഭിച്ചെങ്കിലും ജൂൺ 15ന് ഗാൽവൻ താഴ്‌വരയിൽ നടന്ന രക്തചൊരിച്ചിലോടെ കാര്യങ്ങൾ കൈവിട്ടിരുന്നു. തുടർന്ന് സംഘർഷം ലഘൂകരിക്കാൻ പ്രാദേശിക ഓഫീസർമാർ തമ്മിൽ നടന്ന കൂടിക്കാഴ്‌ചകൾ ഫലം കണ്ടില്ല. സൈന്യത്തിന്റെ പിൻമാറ്റം കൃത്യമായി നടപ്പാക്കാൻ ഇരുപക്ഷത്തിനും ബാദ്ധ്യതയുണ്ടെന്ന് ഇന്നലത്തെ കൂടിക്കാഴ്‌ചയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി. നയതന്ത്ര തലത്തിലും അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്‌ചകളുണ്ടാകും. ജോയിന്റ് സെക്രട്ടറി തല ചർച്ചകൾക്കാണ് സാദ്ധ്യത.

ലഡാക്കിൽ മിസൈലുകൾ

ന്യൂഡൽഹി: ചൈനീസ് ആക്രമണത്തെ ചെറുക്കാൻ ഇന്ത്യ ലഡാക്ക് അതിർത്തിയിൽ മിസൈലുകൾ അടങ്ങിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്‌ക്ക് സ്വാതന്ത്ര്യം നൽകിയതിനെ തുടർന്നാണിത്.