india
INDIA CHINA BORDER ISSUE

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ ഇന്ന് ആർ.ഐ.സി (റഷ്യ, ഇന്ത്യ, ചൈന) സമ്മേളനത്തിൽ നേർക്കുനേർ വരും. റഷ്യ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ കൊവിഡ് സാഹചര്യങ്ങളാണ് പ്രധാന അജണ്ടയെങ്കിലും അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ നിർണായകമാകും.

15ന് ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നെങ്കിലും തർക്ക പരിഹാരത്തിന് പോംവഴികൾ തുറന്നിരുന്നില്ല. മനുഷ്യരാശിയെ ഒന്നടങ്കം ബാധിച്ച കൊവിഡിനെ തുരത്തേണ്ട സമയത്ത് അതിർത്തി തർക്കത്തിന് പ്രസക്തിയില്ലെന്ന നിലപാടിൽ റഷ്യയ്‌ക്ക് സാഹചര്യം മയപ്പെടുത്താൻ കഴിയുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.