ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 4.35 ലക്ഷം കടന്നു. മരണം 14000 അടുക്കാറായി. പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 15000 കടന്നതിനൊപ്പം മരണസംഖ്യ ആദ്യമായി നാനൂറ് കടന്നതും ആശങ്കയായി. ശനിയാഴ്ചയാണ് പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 15000 കടന്നത്. അന്ന് 15918 കേസുകളും ഞായറാഴ്ച 15,141 കേസുകളും റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം കൊണ്ട് 31059 പുതിയ രോഗികളുണ്ടായി. ഞായറാഴ്ച 426 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 14821കേസുകളും 445 മരണവും റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചു.
തമിഴ്നാട്ടിൽ രോഗികൾ 62000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 2,710 പുതിയ രോഗികൾ. 35 മരണം. കേരളത്തിൽ നിന്നെത്തിയ 9 പേർക്കും ഇന്നലെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 2000 കടക്കുന്നത്.
കർണാടകയിൽ 249 പുതിയ രോഗികളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 9399. മരണം 142.126 പുതിയ രോഗികൾ ബെംഗളുരു അർബനിലാണ്. ബെംഗളുരുവിലെ കെ.ആർ മാർക്കറ്റ്, ചാമരാജ്പേട്ട് തുടങ്ങി നാലു പ്രദേശങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തി. ഒരാഴ്ച കൊണ്ട് ബെംഗളുരുവിൽ ഒരാഴ്ചകൊണ്ട് 1272 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 32ൽ നിന്ന് 64 ആയും ഉയർന്നു. ഇതോടെയാണ് ലോക് ഡൗൺ കർശനമാക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തരവിട്ടത്.
ഗോവയിൽ ആദ്യ കൊവിഡ് മരണം. വടക്കൻ ഗോവയിലെ മൊർലേമിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന 85കാരിയാണ് മരിച്ചത്. ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണയുടെ മണ്ഡലത്തിലുൾപ്പെടുന്ന പ്രദേശമാണിത്. ആദ്യഘട്ടത്തിൽ കൊവിഡ് രോഗമുക്തമായ ഗോവയിൽ കൊവിഡ് കേസുകൾ 818 നിലവിലുണ്ട്.
തെലുങ്കാനയിൽ കൊവിഡ് ബാധിച്ച് 70 കാരനായ ഡോക്ടർ മരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ്.
കൊവിഡ് രോഗം ഭേദമായ മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ ആശുപത്രി വിട്ടു.
കൊവിഡ് സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമബംഗാൾ സർക്കാർ നാളെ സർവകക്ഷിയോഗം വിളിച്ചു.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു. ആദ്യമായാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് തടവുകാരൻ മരിക്കുന്നത്. മണ്ഡോലി ജയിലിലെ 62 കാരനായ തടവുകാരനാണ് ജൂൺ 15ന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.