covid-19

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപുരിൽ കുട്ടികൾക്കായുള്ള സർക്കാർ അഭയകേന്ദ്രത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത 57 പെൺകുട്ടികൾക്ക് കൊവിഡ്. ഇവരിൽ അഞ്ചുപേർ ഗർഭിണികളും ഒരാൾ എച്ച്.ഐ.വി പൊസിറ്റീവുമാണ്. അഭയകേന്ദ്രം അടച്ചുപൂട്ടിയ അധികൃതർ ജീവനക്കാരെ ക്വാറന്റൈൻ ചെയ്തു. കുട്ടികളെ കാൺപുർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗർഭിണികളായ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം ലോക് ഡൗണിന് മുൻപ് തന്നെ ഇവിടേക്ക് മാറ്റിയതാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രഥമദൃഷ്ട്യാ വീഴ്ചവന്നതായി നിരീക്ഷിച്ച കമ്മിഷൻ സംസ്ഥാന ചീഫ്‌ സെക്രട്ടറിയിൽ നിന്നും ഡി.ജി.പിയിൽ നിന്നും വിശദീകരണം തേടി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. സംഭവത്തിൽ യു.പി വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.