cpi-

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത രാജസ്ഥാനിലെ സി.പി.എം എം.എൽ.എയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഹനുമാൻഗഡ് ജില്ലയിലെ ഭാദ്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും നിയമസഭാ കക്ഷി നേതാവുമായ ബൽറാം പൂനിയയെയാണ് പാർട്ടി നിർദ്ദേശം ലംഘിച്ചതിന് ഒരു വർഷത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഏഴുദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും സംസ്ഥാന സെക്രട്ടറി അമ്റാ റാം അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ കെ.സി വേണുഗോപാലും നീരജ് ഡാംഗിയും ബി.ജെ.പിയുടെ രാജേന്ദ്ര ഗെ‌ഹ്ലോട്ടുമാണ് വിജയിച്ചത്. ബി.ജെ.പിയുടെ ഓംങ്കാർ സിംഗ് ലഖാവത്ത് പരാജയപ്പെട്ടു. ലഖാവത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമായിരുന്നെന്നും ഏതെങ്കിലും സാഹചര്യത്തിൽ വിജയിക്കുന്ന ഘട്ടം വന്നാൽ മാത്രം കോൺഗ്രസിന് വോട്ടു ചെയ്യാനായിരുന്നു പാർട്ടി നിർദ്ദേശിച്ചത്. എന്നാൽ ഇത് മറികടന്നാണ് പൂനിയ വോട്ടു ചെയ്തതെന്നാണ് പാർട്ടി വിശദീകരണം.