ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ രക്തച്ചൊരിച്ചിലിനിടയാക്കിയ ചൈനീസ് ആക്രമണത്തിനെതിരെ ഇന്ത്യ സൈനിക, നയതന്ത്രതലങ്ങളിൽ ശക്തമായ നിലപാടെടുത്തതിന് പിന്നാലെ, അതിർത്തിയിലെ എല്ലാ സംഘർഷമേഖലകളിലും നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിക്കാൻ തിങ്കളാഴ്‌ച അർദ്ധരാത്രി വരെ നീണ്ട ഉന്നത കമാൻഡർമാരുടെ മാരത്തോൺ ചർച്ചയിൽ ധാരണയായി.
യഥാർത്ഥ നിയന്ത്രണരേഖയിൽ ചൈനയുടെ സൈനിക സന്നാഹങ്ങൾക്ക് മറുപടിയായി പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിക്കുകയും തിരിച്ചടിക്കാൻ സൈന്യത്തിന് സർവസ്വാതന്ത്ര്യം നൽകുകയും ചെയ്‌ത ശേഷമാണ് ഇന്ത്യ ചർച്ചയ്‌ക്കെത്തിയത്. ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്നും ,സേനാ പിന്മാറ്റത്തിന്റെ നടപടിക്രമങ്ങൾ ഇരുപക്ഷത്തിന്റെയും ഏകോപനത്തോടെ നടപ്പാക്കുമെന്നും കരസേന വ്യക്തമാക്കി. പിന്മാറ്റ വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല. ലേയിലെ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ദക്ഷിണ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിനും തമ്മിൽ നടന്ന ചർച്ച പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടു, തിങ്കളാഴ്‌ച രാവിലെ 11.30ന് തുടങ്ങിയ ചർച്ച രാത്രി 11.45നാണ് അവസാനിച്ചത്.
ഇന്ത്യ പറഞ്ഞത്
ജൂൺ 15ന് ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരെ ചൈനീസ് ഭടന്മാർ ആക്രമിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്.. സംഘർഷ മേഖലകളിൽ നിന്നെല്ലാം ചൈനീസ് സൈന്യം പിന്മാറിയേ പറ്റൂ.. ജൂൺ ആറിലെ ചർച്ചയിലെ ധാരണകൾ ഗാൽവൻ താഴ്‌വരയിൽ ചൈന ലംഘിച്ചു. പട്രോൾ പോയിന്റ് 14,15, 17, പാങ്‌ഗോംഗ് തടാകത്തിന്റെ വടക്കൻ തീരം, ചുഷൂൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ചൈനീസ് സേന പിന്മാറി തൽസ്ഥിതി പുനഃസ്ഥാപിക്കണം. 3500 കിലോമീറ്റർ അതിർത്തിയിലാകെയും, നിയന്ത്രണ രേഖയിലെ പിൻ താവളങ്ങളിലെയും സൈനികരുടെ എണ്ണം കുറയ്‌ക്കണം.
ചർച്ച ചൈനയുടെ
ആവശ്യപ്രകാരം
കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ചൈനീസ് ഭാഗത്തെ മോൾഡോയിലായിരുന്നു ചർച്ച. ചൈനീസ് സൈന്യം ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചർച്ചയെന്ന് റിപ്പോർട്ടുണ്ട്.
ജൂൺ 6ന് ലഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ചർച്ചയും ചൈനീസ് ആവശ്യപ്രകാരമായിരുന്നു. സേനാപിന്മാറ്റം ഉൾപ്പെടെ ആ ചർച്ചയിലെ ധാരണകൾ 15ന് ചൈന ലംഘിച്ചു. ഇന്ത്യൻ പ്രദേശത്തേക്ക് കയറി വൻ സൈനിക സന്നാഹമൊരുക്കി . അതിന് മറുപടിയായി ഇന്ത്യ പോർവിമാനങ്ങൾ ഉൾപ്പെടെ വിന്യസിക്കുകയും തോക്കെടുത്ത് തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യവും നൽകുകയും ചെയ്‌തു. 15ന് ശേഷം മേജർ ജനറൽ തലത്തിൽ നടന്ന മൂന്ന് ചർച്ചകളും വിഫലമായിരുന്നു.
കരസേനാമേധാവി
ലഡാക്കിൽ
രണ്ടു ദിവസത്തെ സന്ദർശനത്തിന് കരസേനാ മേധാവി ജനറൽ എം.എം. നാരാവനെ ലഡാക്കിലെത്തി. ലേയിലെ സേനാ ക്യാമ്പിൽ ഉയർന്ന ഓഫീസർമാരുമായി അദ്ദേഹം ചർച്ച നടത്തി. ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ് ലേയിലെ സൈനിക ക്യാമ്പിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയും സന്ദർശിച്ചു. 76 സൈനികർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിന് ഉത്തരവിട്ടത്
ചൈനീസ് ജനറൽ?
ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സേനയെ ചൈന ആക്രമിച്ചത് ആസൂത്രിതമാണെന്നതിന്റെ തെളിവുകൾ അമേരിക്കൻ ഇന്റലിജൻസ് പുറത്തുവിട്ടു. ചൈനയുടെ പടിഞ്ഞാറൻ തിയേറ്റർ കമാൻഡ് മേധാവി ജനറൽ ഷാവോ സോൻക്വി അടക്കമുള്ളവരുടെ അനുമതിയോടെയാണ് മാരകായുധങ്ങളുമായി കേണൽ സന്തോഷ് ബാബുവിനെയും കൂട്ടരെയും ആക്രമിച്ചതെന്നാണ് വിവരം. അമേരിക്കയ്‌ക്കും കൂട്ടാളികൾക്കും ആഘോഷിക്കാൻ സാഹചര്യമുണ്ടാകരുതെന്നും ,ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ഇദ്ദേഹം നിർദ്ദേശിച്ചത്രേ.