യു.പി പ്രതിപക്ഷ നേതാവിന് കൊവിഡ്
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതർ 4.50 ലക്ഷം കടന്നു. മരണം 14,000 പിന്നിട്ടു. നാലുദിവസത്തിനിടെ 59,368 പുതിയ രോഗികളും 1,410 മരണവും.
24 മണിക്കൂറിനിടെ 14,933 പുതിയ രോഗികളും 312 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 56.38 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതുവരെ ആകെ 2,48,189 പേർക്ക് രോഗംഭേദമായി. 24 മണിക്കൂറിനിടെ 10,994 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 71 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു.
തമിഴ്‌നാട്ടിൽ 2,516 പുതിയ രോഗികളും 39 മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 1,380 രോഗികളുണ്ടായി. സംസ്ഥാനത്തെ ആകെ കേസുകൾ 64,603 ആയി ഉയർന്നു. മരണം 833. കർണാടകയിൽ 322 പുതിയ രോഗികളും എട്ട് മരണവും ഇന്നലെയുണ്ടായി. ആകെ കേസുകൾ പതിനായിരത്തിനടുത്തെത്തി. ആന്ധ്രാപ്രദേശിൽ 462 പുതിയ രോഗികളും എട്ടു മരണവും. യു.പിയിൽ പുതിയ 576 കൊവിഡ് രോഗികൾ. 19 മരണം. ഒഡിഷയിൽ 167, നാഗാലാൻഡ് 50, ഉത്തരാഖണ്ഡ് 103, ലഡാക്കിൽ 85 എന്നിങ്ങനെയാണ് പുതിയ രോഗികൾ.
കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ. സുധാകറിന്റെ ഭാര്യയ്ക്കും മകൾക്കും കൊവിഡ്
ഉത്തർപ്രദേശിലെ പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർട്ടിനേതാവുമായ രാംഗോവിന്ദ് ചൗധരിക്ക് കൊവിഡ്.
കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ ജൂലായ് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല
ഹരിയാനയിലെ മനേസറിലുള്ള മാരുതി പ്ലാന്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ച 17 പേരെ കാണാനില്ലെന്ന് പരാതി. ജൂൺ 17നാണ് സ്വകാര്യ ഏജൻസി ജീവനക്കാരായ ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
ഒരു പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബയ് ദാധറിലെ ശിവസേനാ ആസ്ഥാനം അടച്ചു.
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ലംഘനങ്ങൾക്ക് മാർച്ച് 22 മുതൽ ജൂൺ 22 വരെ 1.34 ലക്ഷം കേസുകളെടുത്തു. 27, 511 പേരെ അറസ്റ്റ് ചെയ്തു. പിഴയായി എട്ടുകോടിയിലേറെ രൂപ ഈടാക്കി.