students

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ബോധിപ്പിക്കാമെന്ന് സി.ബി.എസ്.ഇയും കേന്ദ്രസർക്കാരും സുപ്രീം കോടതിയെ അറിയിച്ചു.

ഇതേതുടർന്ന് പരീക്ഷ ഉപേക്ഷിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുളള ഹർജികൾ പരിഗണിക്കുന്നത് 25ന് ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റി. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ജൂലായ് ഒന്നു മുതൽ 15 വരെ മാറ്റിവച്ച പരീക്ഷകൾ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷകൾ റദ്ദാക്കി, ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം ആവശ്യപ്പെട്ടാണ് ഹർജികൾ.