ന്യൂഡൽഹി: ഇന്ത്യ - ചൈന തർക്കങ്ങൾ പരിഹരിക്കാൻ മൂന്നാം രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഇന്നലെ റഷ്യ, ഇന്ത്യ, ചൈന (ആർ.ഐ.സി) വിദേശമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്‌ട്രസഭയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്‌ക്ക് അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തർക്കം ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും സ്വയം പരിഹരിക്കാൻ കഴിയുമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. സമാധാന ശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും മുൻകൈ എടുത്തിട്ടുണ്ട്. സൈനിക-നയതന്ത്ര ചർച്ചകൾ നടക്കുന്നു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ പ്രകോപനം പരോക്ഷമായി പരാമർശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അന്താരാഷ്‌ട്ര ബന്ധങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. നയങ്ങൾക്ക് രൂപം നൽകുന്നതിനൊപ്പം അവ നടപ്പാക്കുന്നതിനും പ്രാധാന്യമുണ്ട്. ഇതിനായി ലോകനൻമയ്‌ക്കായി പങ്കാളികളുടെ താത്പര്യങ്ങളും പൊതുതത്വങ്ങളും സംരക്ഷിക്കാൻ വലിയ രാജ്യങ്ങൾ മാതൃക കാട്ടണമെന്നും ചൈനയുടെ പേരു പറയാതെ അദ്ദേഹം പറഞ്ഞു.
ലോക മഹായുദ്ധങ്ങളിലടക്കം ഇന്ത്യയുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയ ജയശങ്കർ ലോകത്ത് അതിനനുസൃതമായ അംഗീകാരം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടു. 50 രാജ്യങ്ങളുമായി തുടക്കമിട്ട ഐക്യരാഷ്‌ട്ര സഭയിൽ 193 രാജ്യങ്ങൾ ആയ സാഹചര്യത്തിൽ സ്ഥിരാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ ഇന്ത്യയുടെ അപേക്ഷകൾ അംഗീകരിക്കപ്പെടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി ബന്ധങ്ങൾ നിലനിറുത്താൻ വൈകാരിക വിഷയങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി അഭിപ്രായപ്പെട്ടു. കൊവിഡ് പോലുള്ള മഹാമാരിയെ ചെറുക്കാൻ അനുഭവങ്ങൾ പങ്കിടണമെന്നും മൂന്ന് രാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എസിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പരാമർശങ്ങളും അദ്ദേഹം നടത്തി.