hajj
HAJJ

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം രാജ്യത്ത് നിന്ന് ഹജ്ജിന് തീർത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. സൗദി അറേബ്യയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

ഈ വർഷം ഹജ്ജിനായി ലഭിച്ചത് 2,13,000 അപേക്ഷകളാണ്. അപേക്ഷകർ കെട്ടിവച്ച പണം പൂർണമായും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചു നിക്ഷേപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ വർഷം 2300ലധികം സ്ത്രീകളാണ് സഹയാത്രികൻ ഇല്ലാതെ ഹജ്ജ് നടത്താൻ അപേക്ഷ നൽകിയിരുന്നത്. ഇവർക്ക് 2021ൽ തീർത്ഥാടനത്തിന് അനുമതി നൽകും. ഇനി അപേക്ഷിക്കുന്ന സ്ത്രീകൾക്കും അടുത്ത വർഷം അനുമതി നൽകും. ജൂലായ് അവസാനമാണ് ഹജ്ജ് തീർത്ഥാടന നടപടികൾ തുടങ്ങുക. 2019ൽ ഇന്ത്യയിൽ നിന്ന് രണ്ടുലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുത്തിരുന്നു. ഇവരിൽ 50 ശതമാനം സ്ത്രീകളാണ്.