flight

ന്യൂഡൽഹി:വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ മടക്കിയെത്തിക്കാനുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് ജൂലായ് 22 മുതൽ അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അമേരിക്കൻ ഗതാഗതവകുപ്പിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ 22ന് ശേഷം വിമാനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ. വന്ദേഭാരത് മിഷനിൽ നിന്ന് അമേരിക്കൻ വിമാന കമ്പനികളെ ബോധപൂർവ്വം മാറ്റിനിറുത്തി പക്ഷപാതപരമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണിത്.

അമേരിക്കൻ വിമാനകമ്പനികൾക്ക് സർവീസ് നടത്താനുള്ള അവകാശങ്ങൾക്ക് മേൽ ഇന്ത്യൻ സർക്കാർ‌ തടസം സൃഷ്ടിച്ചു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും അമേരിക്കൻ വിമാനകമ്പനികൾ ചാർട്ടേഡ് സർവീസുകൾ നടത്തുന്നത് തടഞ്ഞുവെന്നും അമേരിക്കൻ ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിൽ വിശദീകരിച്ചു.

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ജൂൺ 12 മുതൽ ജൂലായ് രണ്ടുവരെ 96 വിമാനങ്ങളാണ് അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്ക് ഇന്ത്യ അയക്കുന്നത്. ഈ സർവീസിന് തടസമുണ്ടാകില്ല.