corona

ന്യൂഡൽഹി: ബസിൽ യാത്രചെയ്യവേ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന ആരോഗ്യ പ്രവർത്തരുടെ ഫോൺ കോൾ എത്തിയതോടെ ബസിൽ നിന്ന് ഇറങ്ങിയോടി കണ്ടക്ടറും യാത്രക്കാരും. തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവവുണ്ടായത്.

കൊവിഡ് സ്ഥിരീകരിച്ച ദമ്പതികളിൽ അൻപത്തിയേഴുകാരനായ ഭർത്താവ് ക്ഷയരോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കൊവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ഇരുവരുടേയും സാംപിൾ ശേഖരിച്ചിരുന്നു. ഇരുവരോടും വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടി.എൻ.എസ്.ടി.സി. ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.

കൊവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെ കണ്ടക്ടറും തുടർന്ന് യാത്രക്കാരും നിലവിളിയായി. ഇതിനിടെ ബസ് നിർത്തുകയും ഇരുകൂട്ടരും ഇറങ്ങിയോടുകയും ചെയ്തു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.