ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച വസ്‌തുതകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും മറ്റും മന്ത്രിമാരും പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകൾ നടത്തുന്നത് രാജ്യ താത്‌പര്യത്തിന് നല്ലതല്ല. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ ഇന്ധന വില വർദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
അതിർത്തിയിൽ ചൈനീസ് പട്ടാളം എത്ര തവണ കടന്നു കയറ്റം നടത്തിയെന്ന് കേന്ദ്രം വെളിപ്പെടുത്തണം. ആരും കടന്നുകയറിയില്ലെന്ന സർവകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്‌താവന അദ്ദേഹത്തിന്റെ ഓഫീസ് അടുത്ത ദിവസം തിരുത്തിയത് എന്തുകൊണ്ട്. അതിർത്തിയിൽ വൻതോതിൽ ചൈനീസ് പ്രകോപനമുണ്ടെന്ന പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ പ്രസ്‌താവനയെ തള്ളി പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞ സാഹചര്യമെന്താണ്. അതിർത്തിയിൽ തൽസ്ഥിതി നിലനിറുത്താൻ സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ആന്റണി അതിർത്തിയിലെ സംഭവ വികാസങ്ങളെക്കുറിച്ച് വിശദീകരിച്ചു.