ugc-cancels-exams

ന്യൂഡൽഹി:രാജ്യത്തെ സർവകലാശാലകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വർഷ പരീക്ഷകൾ റദ്ദാക്കണമെന്ന് യു.ജി.സി കേന്ദ്രത്തോട് ശുപാർശ ചെയ്തു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകളിലെ കാലതാമസം വിദ്യാത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനാൽ, ബദൽ മാർഗങ്ങൾ നിർദേശിക്കാൻ ഹരിയാന സർവകലാശാല വൈസ് ചാൻസലർ ആർ.സി. കുഹദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് ശുപാർശ സമർപ്പിച്ചത്.

മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ അവസാനവർഷത്തെ മൂല്യനിർണയം നടത്തണം. അതൃപ്തിയുള്ളവർക്ക് കൊവിഡ് വ്യാപനം അവസാനിച്ച ശേഷം പരീക്ഷയെഴുതാം. ജൂലായിൽ ആരംഭിക്കേണ്ട അവസാന സെമസ്റ്റർ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് രോഗം ബാധിക്കുന്നത് കാരണമാവും. പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സെമസ്റ്റർ ഒക്ടോബറിലേക്ക് മാറ്റണം.
യു.ജി.സി ശുപാർശയുടെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച പുതിയ മാർഗനിർദേശം പുറത്തിറക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എ.ഐ.സി.ടി.ഇ, ബാർ കൗൺസിൽ, ഫാർമസി കൗൺസിൽ, ആർക്കിടെക്ചർ കൗൺസിൽ തുടങ്ങിയവയുമായി ഇക്കാര്യം ചർച്ചചെയ്യും. മഹാരാഷ്ട്ര, ഒഡിഷ, മദ്ധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ സർവകലാശാലകൾ അവസാന വർഷ പരീക്ഷകളടക്കം റദ്ദാക്കിയിരുന്നു. രാജ്യത്തെ ഐ.ഐ.ടികൾ അടക്കമുള്ള ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഓൺലൈനായി കഴിഞ്ഞമാസം ക്ലാസുകൾ ആരംഭിച്ചു.