ന്യൂഡൽഹി: അർബൻ കോ-ഓപറേറ്റീവ് ബാങ്കുകളെയും മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കുകളെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിനു കീഴിലാക്കുന്ന ഓർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഓർഡിനൻസ് നിലവിൽവരുന്നതോടെ രാജ്യത്തെ 1482 അർബൻ ബാങ്കുകളും 58 മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്കുകളും ആർ.ബി.ഐയുടെ നിയന്ത്രണത്തിലാകും. ഈ ബാങ്കുകളിലെ 8.6 കോടി നിക്ഷേപകരുടെ 4.84 ലക്ഷം കോടി രൂപ സുരക്ഷിതമാക്കാൻ തീരുമാനം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ സഹകരണബാങ്കുകളെയും കൊണ്ടുവരുന്ന ഭേദഗതി ബിൽ കേന്ദ്രം മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും പാസാക്കിയിരുന്നില്ല. ഇതേതുടർന്നാണ് ഓർഡിനൻസ് കൊണ്ടുവന്നത്. സഹകരണബാങ്കുകളെയും ആർ.ബി.ഐ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമന്റെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.