ന്യൂഡൽഹി: രാജ്യത്ത് 'ബോയ്കോട്ട് ചൈന' തരംഗം അലയടിക്കുന്നതിനിടെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഉത്പന്നങ്ങൾ ഏറ്റെടുക്കാനാളില്ലാതെ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സാധനങ്ങൾ കൈപ്പറ്റില്ലെന്നാണ് പല വ്യവസായികളുടേയും നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ധനമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാണ വസ്തുക്കൾ അടക്കം ചൈനയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളിൽ ഒന്ന് ഇന്ത്യയാണ്. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ പൂർണ്ണമായും നിരോധിക്കുന്നത് ഇന്ത്യൻ വിപണിയിൽ സാരമായ ചലനങ്ങളുണ്ടാക്കും. പ്രതിവർഷം 20.63 ഡോളർ ബില്യണിന്റെ ഇറക്കുമതി ചൈന ഇന്ത്യയിൽ നടത്തുന്നുണ്ട്. എന്നാൽ ചൈനീസ് ഉത്പന്നങ്ങളോടുള്ള അതൃപ്തി രാജ്യത്ത് തദ്ദേശ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന 'ആത്മ നിർഭർഭാരത്' പദ്ധതിയ്ക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.