baba-ramdev

ന്യൂഡൽഹി: ഏഴുദിവസത്തിനകം കൊവിഡ് ഭേദമാകുമെന്ന അവകാശ വാദവുമായി ബാബാ രാംദേവ് പുറത്തിറക്കിയ പതജ്ഞലി 'കൊറോനിൽ' മരുന്നിനെപ്പറ്റി കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെ, വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ പരാതികൾ ഉയർന്നു.

കൊവിഡിനുള്ള മരുന്നെന്ന നിലയ്‌ക്കല്ല കൊറോനിൽ വിൽക്കാൻ ലൈസൻസ് നൽകിയതെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് ഇന്നലെ വ്യക്തമാക്കി. രേഖകളിൽ പനിയും ചുമയും പ്രതിരോധിക്കാനുള്ള മരുന്നെന്നാണ് പതജ്ഞലി കാണിച്ചിരുന്നത്.

പത‌ജ്ഞലിയോട് എത്രയും പെട്ടന്ന് മരുന്നിന്റെ ചേരുവുകൾ, ഘടന ഗവേഷണ വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനും സർക്കാർ അനുമതി നൽകും വരെ ഉത്പന്നത്തെക്കുറിച്ച് പരസ്യം ചെയ്യരുതെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.

ഇതിനിടെ സർക്കാർ അംഗീകാരമില്ലാതെ 'മരുന്ന് വിറ്റ് തട്ടിപ്പ്" നടത്തിയെന്ന് ആരോപിച്ച് പതജ്ഞലിക്കും രാംദേവിനും എതിരെ ബിഹാർ കോടതിയിൽ സാമൂഹിക പ്രവർത്തകൻ തമ്മന്ന ഹഷ്മി പരാതി നൽകി. കേസ് 30ന് പരിഗണിക്കും.

സർക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണെന്ന് കാട്ടി രാംദേവിനെതിരെ കേസ് കൊടുക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മരുന്ന് പരീക്ഷണം, വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം, വിൽപ്പന എന്നിവ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പൂർണ്ണ കൊവിഡ് മുക്തിയെന്ന് രാംദേവ്

കൊറോണിൽ സ്വാസരി എന്നു പേരിട്ടിരിക്കുന്ന മരുന്ന് കൊവിഡിൽ നിന്ന് പൂർണമുക്തി നൽകുമെന്നാണ് ബാബാ രാംദേവ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. ഹരിദ്വാറിലെ പതജ്ഞലി ഗവേഷണ കേന്ദ്രമാണ് മരുന്ന് വികസിപ്പിച്ചത്. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില. ദിവ്യ കൊറോണ കിറ്റ് ഉപയോഗിച്ചാൽ മൂന്നു മുതൽ ഏഴുദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാകും. 100 ശതമാനം രോഗമുക്തി നൽകിയെന്നും രാംദേവ് അവകാശപ്പെട്ടു.