ന്യൂഡൽഹി: വിവിധ ഡി.ടി.എച്ച്, കേബിൾ ഓപ്പറേറ്റർമാരും നൽകുന്ന ടിവി ചാനലുകളുടെ വിവരങ്ങൾ പ്രേക്ഷകർക്ക് ലഭ്യമാക്കാനും ഇഷ്‌‌ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനും സൗകര്യം നൽകുന്ന ടി.വി ചാനൽ സെലക്‌ടർ ആപ്പ് ടെലികോം അതോറിട്ടി പുറത്തിറക്കി. നിലവിൽ ഡി.ടി.എച്ച് അല്ലെങ്കിൽ കേബിൾ ടിവി സേവന ദാതാക്കളുടെ സ്വന്തം ആപ്പുകൾ അല്ലെങ്കിൽ പോർട്ടലുകൾ വഴി ലഭ്യമാകുന്ന സേവനങ്ങൾ ഒരു കുടക്കീഴിലാക്കുകയാണ് ട്രായ്. എയർടെൽ, ഏഷ്യാനെറ്റ്, ഡി.ടു.എച്ച്, ഡിഷ് ടി.വി, ഹതവേ ഡിജിറ്റൽ, ഇൻ ഡിജിറ്റൽ, സിറ്റി നെറ്റ്‌വർക്ക്, ടാറ്റാ സ്‌കൈ എന്നീ സേവന ദാതാക്കളാണ് ആപ്പിലുള്ളത്. മറ്റ് സേവന ദാതാക്കളും വൈകാതെ ആപ്പിൽ ലഭ്യമാകും. സേവന ദാതാക്കൾ നൽകുന്ന ലോഗിൻ ഐഡി അല്ലെങ്കിൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം. സബ്‌സ്‌ക്രിപ്‌ഷൻ അനുസരിച്ച് ലഭ്യമാകുന്ന ചാനലുകളുടെ വിവരങ്ങളും കാലാവധിയും ആപ്പിൽ ലഭിക്കും. നിലവിൽ ലഭ്യമാകുന്ന ബേസ് പാക്കേജ് ഒഴികെയുള്ള ടിവി ചാനലുകൾ ഒഴിവാക്കാനും പുതിയവ ഉൾപ്പെടുത്താനും ആപ്പിൽ സൗകര്യമുണ്ട്.