 ഫല പ്രഖ്യാപനത്തിന് പുതിയ മാനദണ്ഡമെന്നും കേന്ദ്ര സർക്കാർ

 കേസിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജൂലായ് ഒന്നു മുതൽ 15 വരെയാണ് പരീക്ഷകൾ നടത്താനിരുന്നത്. പരീക്ഷ റദ്ദാക്കാമെന്ന് ഐ.സി.എസ്.ഇയും അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിൽ ആശങ്ക അറിയിച്ച് രക്ഷാകർത്താക്കൾ സമ‌ർപ്പിച്ച ഹർജിയിൽ, കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ‌ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേസിൽ ഇന്ന് രാവിലെ വിധി പറയും. പരീക്ഷകൾ നടത്താനാവില്ലെന്ന് ഡൽഹി,​ മഹാരാഷ്‌ട്ര,​ തമിഴ്നാട് സംസ്ഥാനങ്ങളും സി.ബി.എസ്.ഇയെ അറിയിച്ചിരുന്നു.

സ്ഥിതി മെച്ചപ്പെടുമ്പോൾ സി.ബി.എസ്.ഇ പരീക്ഷ നടത്തുമെന്ന തുഷാർ മേത്തയുടെ വാദത്തെ ജസ്റ്റിസ് ഖാൻവിൽക്കർ ചോദ്യം ചെയ്തു. ഓരോ സംസ്ഥാനത്തും സ്ഥിതി മെച്ചപ്പെട്ടെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണോ സംസ്ഥാന സർക്കാരുകളാണോ എന്നായിരുന്നു ചോദ്യം. കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്ന് തുഷാർ മേത്ത മറുപടി നൽകി. സാഹചര്യം മെച്ചപ്പെട്ടാൽ പരീക്ഷ നടത്തുന്നതിന് കൃത്യമായ സമയക്രമം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ പരീക്ഷകളിലെ മാർക്ക് വിലയിരുത്തി മൂല്യ നിർണയവും ഫലപ്രഖ്യാപനവും നടത്താമെന്ന സി.ബി.എസ്.ഇയുടെ നിർദ്ദേശത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രാക്ടിക്കൽ പരീക്ഷയിലെ ശരാശരി അടിസ്ഥാനമാക്കി മൊത്തം മാർക്ക് നൽകണമെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും, അങ്ങനെ നിർദ്ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മൂല്യനിർണയത്തിന് പുതിയ സംവിധാനം വിദഗ്ദ്ധർ രൂപം നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ രൂപരേഖ നൽകാനും ആവശ്യപ്പെട്ടു. പ്രവേശന പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, പരാതി പ്രത്യേകം നൽകാൻ നിർദേശിച്ചു.

പന്ത്രണ്ടാം ക്ലാസുകാർക്ക്

ഓപ്ഷന് അവസരം

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓപ്ഷന് അവസരമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒന്നുകിൽ സി.ബി.എസ്.ഇ വിജ്ഞാപന പ്രകാരം,​ കഴിഞ്ഞ പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഗ്രേഡ്. അല്ലെങ്കിൽ, സാഹചര്യം മെച്ചപ്പെടുമ്പോൾ പരീക്ഷ എഴുതാം. അഡ്മിഷനും മറ്റും പ്രയോജനപ്പെടുംവിധം മൂല്യനിർണയം ഉടൻ നടത്തും.