india-china-

ന്യൂഡൽഹി: സൈനിക കമാൻഡർമാരുടെ ചർച്ചയിലെ ധാരണ പ്രകാരം,​ ഗാൽവൻ സംഘർഷ ഭൂമിയിൽ നിന്ന് പിന്മാറുകയാണെന്ന പ്രതീതി ജനിപ്പിച്ച ചൈന, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,​ സിക്കിം ഉൾപ്പെടെ മറ്റു മേഖലകളിൽ സൈനിക ബലവും ആയുധ സന്നാഹങ്ങളും വർദ്ധിപ്പിച്ച് പുതിയ പ്രകോപനത്തിന്. ഇന്ത്യയും സൈനികവിന്യാസം ശക്തമാക്കിയതോടെ അതിർത്തിയിലുടനീളം ഇരു സേനകളും മുഖാമുഖമെന്നതാണ് സ്ഥിതി.

ഗാൽവൻ സംഘർഷത്തിനു ശേഷം, ചൈനയുടെ ഏതു പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സേനകൾക്ക് കേന്ദ്രം പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കെ, സൈനിക മേധാവികളും പ്രതിരോധ മന്ത്രാലയവും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

പിന്മാറ്റത്തിനു ധാരണയായ ഗാൽവനിൽപ്പോലും ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ചൈന പിൻവാങ്ങിയത്. സൈനിക സന്നാഹം വർദ്ധിപ്പിച്ച ശേഷമുള്ള പിന്മാറ്റം ചൈനയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ കടന്നുകയറ്റത്തെപ്പറ്റി അരുണാചൽ ഈസ്റ്റ് മണ്ഡലത്തിലെ ബി. ജെ. പി എം. പി താപിർ ഗാവോ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ലഡാക്ക് അതിർത്തിയിലെ സൈനിക ധിക്കാരം അതിർത്തിയിൽ കിഴക്കോട്ടും വ്യാപിപ്പിക്കുന്ന ചൈനയുടെ ഉന്നം ഏറെക്കാലമായി നോട്ടമിട്ടിട്ടുള്ള അരുണാചൽ പ്രദേശാണ്. കിഴക്കൻ ലഡാക്കിൽ പട്രോൾ പോയിന്റ് 14,​15,​ 17,​ പാങ്‌ഗോംഗ് തടാകത്തിന്റെ വടക്കൻ തീരം,​ ചുഷൂൾ,​ ഡെംചോക്,​ ദൗലത് ബേഗ് ഓൾഡീ തുടങ്ങിയ സംഘർഷ മേഖലകളിൽ നിന്നെല്ലാം ചൈന പിന്മാറണമെന്നും, 3500 കിലോമീറ്റർ അതിർത്തിയിലാകെ സൈനികരുടെ എണ്ണം കുറയ്‌ക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

അരുണാചലിൽ കടന്നുകയറ്റം 60 കി.മീ

 1126 കിലോമീറ്റർ അതിർത്തിയിൽ പല സ്ഥലങ്ങളിലും ചൈന നേരത്തേ 40 മുതൽ 60 വരെ കിലോമീറ്റർ കടന്നുകയറിയിട്ടുണ്ട്

1986 ൽ തവാങിലെ സുംദുറോങ് ചൂ നദിക്കരയിൽ സ്ഥിരം നിർമ്മാണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സൈനിക വിന്യാസത്തോടെ പിൻവാങ്ങിയ ചൈന പിന്നീട് അരുണാചൽ അതിർത്തിയിലുടനീളം സൈനിക ശേഷി വർദ്ധിപ്പിച്ചു.

പുതിയ ടെന്റ് കെട്ടി;

നിരീക്ഷണവും കൂട്ടി

ഗാൽവൻ ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സേന നശിപ്പിച്ച സന്നാഹങ്ങൾ ചൈന കൂടുതൽ വിപുലമായി ഒരുക്കിയെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പുതിയ ടെന്റിന്റെയും നിരീക്ഷണ സന്നാഹങ്ങളുടെയും ഉപഗ്രഹചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. രണ്ടു ദിവസത്തെ ലേ സന്ദർശനത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ കരസേനാ മേധാവി എം.എം. നരാവനെ, അതിർത്തിയിലെ സ്ഥിതി കേന്ദ്രത്തെ ധരിപ്പിച്ചു.