ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിൽ ചൈനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനക്കാരെ തങ്ങളുടെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹോട്ടലുടമകളുടെ സംഘടന. ചൈനക്കാർക്ക് റസ്റ്റോറന്റുകളിൽ ഭക്ഷണവും നൽകില്ല. ഡൽഹി ഹോട്ടൽ ആൻഡ് ഗസ്റ്റ് ഹൗസ് ഓണേഴ്‌സ് അസോസിയേഷന്റേതാണ് പ്രഖ്യാപനം. ഒപ്പം ഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സിന് കത്ത് അയക്കുകയും ചെയ്തു. സംഘടനയുടെ കീഴിൽ 3000 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമുണ്ട്.
ഡൽഹിയിലെത്തുന്ന ചൈനീസ് പൗരൻമാരെ തങ്ങളുടെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും തങ്ങാൻ അനുവദിക്കില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മഹേന്ദ്ര ഗുപ്ത പ്രതികരിച്ചു. 'നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്നവരെ ഞങ്ങളുടെ ഹോട്ടലുകളിൽ എങ്ങനെ താമസിപ്പിക്കും'. കൊവിഡിനെ തുടർന്ന് സാമ്പത്തികത്തകർച്ച നേരിടുന്നുണ്ടെങ്കിലും മറ്റെന്തിനേക്കാളും വലുത് ജനിച്ച മണ്ണാണെന്ന് മഹേന്ദ്ര ഗുപ്ത കൂട്ടിച്ചേർത്തു. ഗൽവാൻ താഴ്‌വരയിലെ ആക്രമണത്തിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്തുടനീളം വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.