ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 15000 കടന്നു. ആകെ രോഗികൾ 4.85 ലക്ഷവും കവിഞ്ഞു. 24 മണിക്കൂറിനിടെ 16,922 പുതിയ രോഗികളും 418 മരണവും. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന 24 മണിക്കൂർ കണക്കാണിത്.
കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തെ കേന്ദ്രസർക്കാർ അയച്ചു. സംഘം ഇന്ന് മുതൽ 29 വരെ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുത്തിട്ടുണ്ട്. ഗുജറാത്തിൽ 30,000 കടന്നു. തെലങ്കാനയിൽ 10,000 പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 13,012 പേർക്ക് രോഗംഭേദമായി. ഇതുവരെ 2,71,696 പേർ രോഗമുക്തരായി.
തമിഴ്നാട്ടിൽ ഒറ്റദിവസം 3,509 രോഗികൾ
തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. 3,509 പുതിയ രോഗികൾ. ചെന്നൈയിൽ മാത്രം 1,834 പുതിയ രോഗികൾ. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 151 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗബാധയുണ്ട്. സംസ്ഥാനത്തെ ആകെ രോഗികൾ 70,000 കടന്നു. 45 മരണം കൂടിയായതോടെ ആകെ മരണം 911 ആയി.
ഏറ്റവും കൂടുതൽ രോഗികളുള്ള നഗരങ്ങളുടെ പട്ടികയിൽ മുംബയെ മറികടന്ന് ഡൽഹി ഒന്നാമതായി. രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനവും ഡൽഹിയാണ്. ഡൽഹിയിൽ രോഗികൾ 73000 കടന്നു. മുംബയിൽ കേസുകൾ 70000വും പിന്നിട്ടു.
ബിഹാറിൽ 108, ഒഡിഷ 210, ആന്ധ്ര 553 പുതിയ കൊവിഡ് രോഗികൾ
എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് കൂടി കൊവിഡ്.
മഹാരാഷ്ട്രയിൽ സലൂണുകൾ ജൂൺ 28 മുതൽ പ്രവർത്തിക്കും. മുടിവെട്ടാൻമാത്രമാണ് അനുമതി.
24 മണിക്കൂറിനിടെ 38 പൊലീസുകാർക്ക് കൂടി മഹാരാഷ്ട്രയിൽ കൊവിഡ്. മൂന്നുപേർ കൂടി മരിച്ചതോടെ പൊലീസിലെ കൊവിഡ് മരണം 54 ആയി. ഇതുവരെ 3239 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്
തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജാ സിംഗിന്റെ അഞ്ച് സ്റ്റാഫുകൾക്ക് കൊവിഡ്. രണ്ടു ഡ്രൈവർമാരും മൂന്നുഗൺമാൻമാർക്കുമാണ് രോഗം.അഞ്ചുപേരുടെ ഫലം കൂടി വരാനുണ്ട്. എം.എൽ.എയുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോർട്ട്.