ന്യൂഡൽഹി: കോൺഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥയാണെന്നും രാജ്യ താത്പര്യത്തെക്കാൾ സ്ഥാനം കുടുംബ പാരമ്പര്യത്തിനാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. അടിയന്തരാവസ്ഥയുടെ 45-ാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രീയ പ്രസ്‌താവനകൾക്ക് പകരം 'പോരാളികൾക്ക് അഭിവാദ്യം" എന്ന സന്ദേശം മാത്രമാണ് നൽകിയത്.
ഒരു കുടുംബത്തിന്റെ അധികാരക്കൊതിയാണ് 45 വർഷം മുമ്പ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. എല്ലാ സ്വാതന്ത്ര്യങ്ങളും ഒറ്റരാത്രി കൊണ്ടാണ് അട്ടിമറിക്കപ്പെട്ടത്. രാജ്യതാത്‌പര്യങ്ങളെക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകുന്ന പാരമ്പര്യം ഇപ്പോഴും കോൺഗ്രസ് തുടരുകയാണ്. അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥ കോൺഗ്രസിന് ഇപ്പോഴുമുണ്ട്. നേതൃത്വത്തെ വിമർശിച്ചതിനാണ് സഞ്ജയ് ഝായെ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഒപ്പം ജനങ്ങളിൽ നിന്ന് പാർട്ടി അകലുകയാണെന്നും ഷാ ആരോപിച്ചു.
രണ്ടുപേരിൽ മാത്രം അധികാരം കേന്ദ്രീകരിച്ച ഒരു പാർട്ടിയാണ് ബി.ജെ.പിയെന്ന് പറഞ്ഞ് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല തിരിച്ചടിച്ചു. കുതിരക്കച്ചവടം, സ്ഥാപനങ്ങളെ ഇല്ലാതാക്കൽ, നെഹ്‌റു-ഗാന്ധി വിരോധം എന്നിവയുടെ അടിസ്ഥാനമെന്തെന്നും സുർജെവാല ചോദിച്ചു.