ന്യൂഡൽഹി: പ്രവാസികളുടെ മടങ്ങിവരവിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കേരളം ഒഴിവാക്കിയത് നല്ലതാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചതെന്നും, സംസ്ഥാന സർക്കാരിനുള്ള അഭിനന്ദനമായി അതിനെ വ്യാഖ്യാനിച്ചത് പരിഹാസ്യമാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദേശത്ത്നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് മാത്രമായി കൊവിഡ് പരിശോധന പ്രായോഗികമല്ലെന്ന് വിദേശകാര്യ മന്ത്രാലയം ജൂൺ 24ന് സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന് , കേന്ദ്ര നിബന്ധന നടപ്പാക്കാൻ നോർക്ക സാവകാശം ആവശ്യപ്പെട്ടു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും , എല്ലാവരും ഫേസ് ഷീൽഡും മാസ്‌കും ധരിച്ചാൽ മതിയെന്നും വിശദീകരിച്ച് സംസ്ഥാന സർക്കാർ വീണ്ടും കത്തയച്ചു. ഇതിന് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ, ഈ പ്രായോഗിക സമീപനം നല്ലതാണെന്ന് അറിയിച്ചു . കേരളം വിമാനക്കമ്പനികളുമായി സംസാരിക്കണമെന്നും അംബാസിഡർമാരെ വിദേശകാര്യ മന്ത്രാലയം വിവരം ധരിപ്പിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു.ഇതിനെയാണ് അഭിനന്ദനമായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാഖ്യാനിച്ചത് 24ന് കേന്ദ്രം അയച്ച കത്ത് പൂഴ്‌ത്തിവയ്ക്കുകയും ചെയ്തു..
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകളിലെ മര്യാദ പ്രയോഗങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത് മലയാളികളെ .പരിഹാസ്യരാക്കുന്നതിന് തുല്യമാണ്,കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒഡീഷയ്‌ക്കും തെലങ്കാനയ്‌ക്കും ഹരിയാനയ്‌ക്കും കേന്ദ്രം കത്തെഴുതിയിട്ടുണ്ട്. അവരാരും അത് സ്വന്തം നേട്ടത്താനായി ഉപയോഗിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ. വെബിനാറിൽ പങ്കെടുക്കുന്നതു വരെ പരസ്യത്തിനായി ഉപയോഗിച്ചില്ല. ഇതിന് ചെലവിടുന്ന പണം ക്വാറന്റൈൻ സൗകര്യമൊരുക്കാനും പരിശോധന വർദ്ധിപ്പിക്കാനും ഉപയോഗിക്കാം. പരിശോധനയൽ 28-ാം സ്ഥാനത്താണ് കേരളം. ഒരു ലക്ഷത്തിൽ 372 പേർ . ദേശീയ ശരാശരി 553. ശാസ്‌ത്രീയ സമീപനത്തിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കേണ്ടത്.. അല്ലാതെ ,ഇത്തരം പ്രചാരണത്തിലൂടെയല്ല- വി. മുരളീധരൻ ചൂണ്ടിക്കാട്ടി.