ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധിയിൽ തൊഴിലാളികളിൽ നിന്നുള്ള വിഹിതം കുറഞ്ഞ സാഹചര്യത്തിൽ, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ് )നിക്ഷേപങ്ങൾക്ക് ഇക്കൊല്ലം നിശ്‌ചയിച്ച 8.5 ശതമാനം പലിശ നിരക്ക് 8.1ശതമാനമായി കുറയ്‌ക്കുമെന്ന് സൂചന. ഇ.പി.എഫ്.ഒയുടെ നിക്ഷേപ, ഓഡിറ്റ് സമിതി ഉടൻ തീരുമാനമെടുക്കും.
ഈ സാമ്പത്തിക വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്ക് മാർച്ചിലാണ് നിശ്‌ചയിച്ചത്. ഇതിന് ധനമന്ത്രാലയം ഇനിയും അനുമതി നൽകിയിട്ടില്ല. കഴിഞ്ഞ കൊല്ലം 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പാക്കേജിന്റെ ഭാഗമായി, ഇ.പി.എഫ് വിഹിതം 12ൽ നിന്ന് 10ശതമാനമായി കുറച്ചിരുന്നു. ഇ.പി.എഫ് അംഗങ്ങൾക്ക് അർഹമായ പണം പിൻവലിക്കാനും സൗകര്യം നൽകി. 36.1 ലക്ഷം അപേക്ഷകളിൽ ഏതാണ്ട് 11,500 കോടി രൂപ വിതരണം ചെയ്‌തു. ഇതിൽ 4,580 കോടിയോളം കൊവിഡ് പാക്കേജിനായി ചെലവഴിച്ചതാണ്. ഇത് കണക്കിലെടുത്താണ് പലിശ നിരക്ക് കുറയ്‌ക്കുന്നത്. ആറു കോടി ഇ.പി.എഫ് അംഗങ്ങളെ ബാധിക്കുന്ന നടപടിയെ എതിർക്കുമെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു..