ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജൂലായ് 15 വരെ തുടരുമെന്ന് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങളുടെയും ചരക്ക് വിമാനങ്ങളുടെയും സർവീസിന് വിലക്ക് ബാധകമല്ല. ആഭ്യന്തര സർവീസുകൾ 50 ശതമാനത്തിൽ കൂടുതലാകുകയും വിദേശരാജ്യങ്ങൾ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാമെന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. അതേസമയം വന്ദേഭാരത് ദൗത്യത്തിൽ ഇന്ത്യൻ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്നതിൽ യു.എസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായി ചർച്ച നടത്തുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ്പുരി പറഞ്ഞു.