ന്യൂഡൽഹി: അതിർത്തിയിൽ ചൈന കയ്യേറ്റം നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ സത്യമാണെങ്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച 'സ്‌പീക്ക് അപ് ഫോർ ജവാൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
അതിർത്തി സംരക്ഷണത്തിന്റെ കാര്യത്തിൽ ഉപേക്ഷ കാട്ടരുതെന്നും ലഡാക്കിൽ സംഭവിച്ചത് എന്തെന്ന് വിശദീകരിക്കണമെന്നും സോണിയ പറഞ്ഞു.
'ചൈന കടന്നുകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാകുന്നത് ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശത്ത് കടന്നു കയറിയെന്നാണ്. ചൈനയെ ലഡാക്കിൽ നിന്ന് എപ്പോൾ പുറത്താക്കും. അതിർത്തിയിലെ സംഭവങ്ങളെക്കുറിച്ച് രാജ്യത്തെ വിശ്വാസത്തിലെടുക്കാൻ പ്രധാനമന്ത്രിക്ക് കഴിയുമോ' എന്നും സോണിയ ചോദിച്ചു. സൈന്യത്തിന് പൂർണ പിന്തുണ നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.