ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സേനാപിന്മാറ്റ ധാരണ തടസപ്പെട്ടെന്ന സൂചനകൾക്കിടെ, റഷ്യയിൽ നിന്ന് തിരിച്ചെത്തിയ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ജനറൽ എം.എം. നരാവനെയും കൂടിക്കാഴ്‌ച നടത്തി.
രണ്ടു ദിവസത്തെ ലഡാക്ക് സന്ദർശന വേളയിൽ മനസിലാക്കിയ കാര്യങ്ങൾ സേനാ മേധാവി മന്ത്രിയെ ധരിപ്പിച്ചെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്നാഥിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
റഷ്യൻ വിക്‌ടറി പരേഡിൽ ക്ഷണിതാവായി പോയ രാജ്നാഥ് സിംഗ് റഷ്യൻ നേതാക്കളുമായി ചർച്ചകൾക്കും മറ്റും ശേഷം ഇന്നലെയാണ് തിരിച്ചെത്തിയത്. അതിർത്തിയിലെ സംഘർഷം മൂർച്ഛിച്ചതിനാൽ അടിയന്തര സാഹചര്യങ്ങളിൽ നടപടി സ്വീകരിക്കാൻ യാത്രയ്‌ക്ക് മുൻപ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനും സേനാമേധാവികൾക്കും രാജ്നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് കരസേനാ മേധാവി ലഡാക് സന്ദർശിച്ചത്. അതിർത്തിയിലെ സൈനിക വിന്യാസങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ചൈനാ കമാൻഡർ തല ചർച്ചയുടെ വിശദാംശങ്ങളും സേനാ മേധാവി മന്ത്രിയെ ധരിപ്പിച്ചു.
നേരത്തേ കമാൻഡർമാരുടെ ചർച്ചയിലാണ് അതിർത്തിയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കാൻ ധാരണയായത്. ഔദ്യോഗിക പിന്മാറ്റം തുടങ്ങിയില്ലെങ്കിലും കഴിഞ്ഞ ദിവസം ചൈന ഗാൽവനിൽ നിന്ന് ഒരു കിലോമീറ്റർ പിന്മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം മറ്റെങ്ങും ചൈനീസ് സേന പിന്മാറിയിട്ടില്ല. മാത്രമല്ല, അവർ സൈനിക സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കുന്നു എന്നാണ് റിപ്പോർട്ട്.
വടക്കൻ ലഡാക് അതിർത്തിയിൽ പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗർ നാല്, ദേപ്‌സാംഗ് മേഖലകളിൽ ചൈന കടന്നു കയറിയ സ്ഥലങ്ങളിൽ തന്നെ തുടരുകയാണ്. ഫിംഗർ നാലിനും ഫിംഗർ എട്ടിനും ഇടയിലെ ഉയരമുള്ള തന്ത്രപ്രധാന ഇടങ്ങളിൽ ചൈനീസ് സേന നിരനിരയായി ടെന്റുകൾ കെട്ടിയതിന്റെയും സൈനിക വാഹനങ്ങൾ വിന്യസിച്ചതിന്റെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തടാകത്തിൽ ചൈനീസ് പട്രോളിംഗ് ബോട്ടുകളുടെ സാന്നിദ്ധ്യവും വ്യക്തമാണ്.