ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്‌ഫോടന കേസിൽ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലിൽ തടവിലായിരുന്ന യൂസഫ് മേമൻ (54) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗർ മേമനും 2015 ൽ വധശിക്ഷയ്‌ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗർ. കേസിൽ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആർതർ റോഡ് ജയിലിൽ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാർച്ച് 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ 257പേർ മരിക്കുകയും 713പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.