locust

ന്യൂഡൽഹി: കൊവിഡ് വ്യാപനം കാരണം ആശങ്കയിൽ കഴിയുന്ന ഡൽഹിക്കാരുടെ ഉറക്കംകെടുത്താൻ വെട്ടുക്കിളിക്കൂട്ടവും എത്തുന്നു.

അതിർത്തിയോട് ചേർന്ന ഹരിയാനയിലെ ഗുരുഗ്രാമിലും ഫരീദാബാദിലുമാണ് ഇന്നലെ രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

ഉത്തരേന്ത്യയിൽ ഒരു മാസത്തിനിടെ പലിടത്തും കൃഷിനാശം വരുത്തിയിരുന്നു. നഗരപ്രദേശത്ത് എത്തുന്നത് ആദ്യമായാണ്. ഗുരുഗ്രാമിലെ തിരക്കേറിയ എം.ജി റോഡ്, ഇഫ്‌കോ ചൗക്ക്, ഡി.എൽ.എഫ് ഫേസ് വൺ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കൗതുകത്തോടെ പലരും മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലിട്ടു. കൃഷിയിടങ്ങളിലും മറ്റും നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ പടക്കം പൊട്ടിച്ചും പുകയിട്ടും ഓടിക്കാൻ ശ്രമം തുടങ്ങി. മൂന്നു ദിവസംവരെ ഒരു പ്രദേശത്ത് തങ്ങുമെന്നാണ് സൂചന.

കാറ്റിന്റെ ഗതിക്കനുസരിച്ചാണ് സഞ്ചാരം.

രണ്ടുമാസത്തിനിടെ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൻ നാശം വിതച്ചിരുന്നു.