labour

ന്യൂഡൽഹി: കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വിപണി തുറന്നതോടെ കുടിയേറ്റ തൊഴിലാളികൾ സ്വദേശത്ത് നിന്ന് ജോലിസ്ഥലങ്ങളിലേക്ക് കൂട്ടമായി എത്തിത്തുടങ്ങി. ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണ് മടങ്ങുന്നവരിലധികവും. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. വാണിജ്യ-വ്യവസായശാലകൾ പഴയപടി തുറന്ന് പ്രവർത്തിക്കുന്നതിനാൽ ജോലിയും കൂടുതൽ കൂലിയും കിട്ടുമെന്ന പ്രതീക്ഷയിലാണ് മടക്കം.

ശ്രമിക് ട്രെയിനുകളിൽ ആളുമില്ല.

റെയിൽവേ സാധാരണ സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും ഡൽഹി, മുംബയ്, ഹൗറ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കും അമൃത്‌സർ, സെക്കന്തരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഓടുന്ന 60ഒാളം ട്രെയിനുകളിൽ ഈമാസം 30വരെ സീറ്റുകളൊഴിവില്ല. വെയിറ്റിംഗ് ലിസ്‌റ്റിൽ ഏറെപ്പേരുണ്ട്. ഭൂരിഭാഗവും ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. അതേസമയം യാത്രക്കാരില്ലാത്തതിനാൽ ശ്രമിക് ട്രെയിനുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജൂൺ 26ന് രണ്ട് ട്രെയിനുകൾ മാത്രമാണ് ഓടിയത്.

സ്വദേശത്ത് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക തൊഴിൽ പദ്ധതി കഴിഞ്ഞയാഴ്‌ചയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. കൂടാതെ തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ പെട്ടെന്ന് തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് തിരിച്ചു പോകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ ഗ്രാമങ്ങളിലെ തൊഴിൽ സുരക്ഷിതത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ കൊവിഡ് ഭീതി നിലനിൽക്കെ തന്നെ നഗരങ്ങളിലേക്ക് പെട്ടെന്ന് തിരിച്ചു പോകുകയാണിവർ.