missile

ന്യൂഡൽഹി: അതിർത്തിയിൽ ഹെലിപ്പാഡ് നിർമ്മിച്ചും പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും പ്രകോപനം തുടരുന്ന ചൈനയെ തുല്യശക്തിയോടെ ചെറുക്കാൻ ഇന്ത്യ കിഴക്കൻ ലഡാക്കിൽ അത്യാധുനിക മിസൈൽ പ്രതിരോധ കവചം വിന്യസിച്ചു. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നൽ വേഗത്തിൽ തകർക്കാൻ ശേഷിയുള്ള 'ആകാശ്' മിസൈലുകൾ അടങ്ങുന്നതാണ് ഈ സന്നാഹം.

റഷ്യയിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് കരുതുന്ന വിമാന വേധ എസ്- 400 ട്രയംഫ് മിസൈലുകളും ലഡാക്കിൽ വിന്യസിക്കുമെന്ന് റിപ്പോർട്ടുണ്ട്.

രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ചൈന സുഖോയ് 30 ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ വിന്യസിച്ചത്. അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അകല വ്യവസ്ഥ പാലിച്ച് ഈ വിമാനങ്ങളും ചൈനീസ് ഹെലികോപ്റ്ററുകളും പറക്കുന്നുണ്ടായിരുന്നു. ദൗലത്ത് ബേഗ് ഓൾഡീ,​ ഗാൽവൻ ( പി. പി 14 ),​ ഹോട്ട് സ്പ്രിംഗ്സ് (പി. പി 15)​,​ ഗോഗ്ര ഹൈറ്റ്സ് (പി. പി 17)​,​ പാംഗോങ് മലനിരകൾ (ഫിംഗർ 4) ​എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ പറക്കലുകൾ നടത്തി. എല്ലാ പഴുതുകളും അടച്ച് ഇന്ത്യൻ പോർവിമാനങ്ങളും പൂർണ ആയുധ സജ്ജമായി നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

മേയ് മാസത്തിന് ശേഷം തർക്കസ്ഥലങ്ങളിൽ ചൈന നടത്തിയ നി‌ർമ്മാണങ്ങളൊന്നും നീക്കിയിട്ടില്ല. ഗാൽവൻ,​ ഹോട്ട്സ്‌പ്രിങ്സ്,​ പാംഗോങ് തടാകത്തിന് സമീപമുള്ള ഫിംഗർ പ്രദേശം എന്നിവിടങ്ങളിൽ സൈനിക നീക്കമോ,​ വാഹനങ്ങളോ,​ പുതിയ നിർമ്മാണങ്ങളോ,​ പട്രോളിംഗോ പാടില്ലെന്ന് 22ലെ ചർച്ചയിൽ വ്യവസ്ഥ ചെയ്‌തിരുന്നു. അത് ലംഘിച്ചാണ് ചൈനയുടെ ഹെലിപ്പാഡ് നിർമ്മാണം. യഥാർത്ഥ നിയന്ത്രണ രേഖയിൽ പതിനഞ്ചിടത്ത് ചൈന പീരങ്കികളും പത്ത് സ്ഥലങ്ങളിൽ കവചിത റെജിമെന്റുകളെയും വിന്യസിച്ചിട്ടുണ്ട്.

ചൈനയുടെ ഹെലി പാഡ്

പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ 4ൽ തങ്ങൾ കടന്നു കയറിയ പ്രദേശത്താണ് ചൈന ഹെലിപാഡ് നിർമ്മിക്കുന്നത്. നിയന്ത്രണ രേഖയായി ഇന്ത്യ കരുതുന്ന ഫിംഗർ എട്ടിൽ നിന്ന് എട്ടുകിലോമീറ്ററോളം ഉള്ളിലേക്ക് കടന്ന ചൈനീസ് പട്ടാളം പിന്തിരിയില്ലെന്നതിന്റെ സൂചനയാണ് ഹെലിപ്പാഡ്. ടെന്റുകളും പോസ്‌റ്റുകളും ബങ്കറുകളും നിർമ്മിച്ചിട്ടുണ്ട്. ഫിംഗർ മൂന്നിനടുത്തുള്ള ഇന്ത്യൻ ബേസ് ക്യാമ്പിന് ഹെലിപ്പാഡ് ഭീഷണിയാകും.

മല മുകളിൽ നിൽക്കുന്ന ചൈനീസ് സൈന്യത്തിന് ഭൂമിശാസ്‌‌ത്രപരമായ ആനുകൂല്യമുണ്ട്. ഫിംഗർ മൂന്നുവരെയുള്ള പ്രദേശം കൈയടക്കലാണ് ലക്ഷ്യമെന്ന് മനസിലാക്കി ഇന്ത്യൻ സേന ഫിംഗർ നാലിന് അടുത്ത് താവളം സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 500 മീറ്റർ അകലത്തിലാണ് ഇരു സൈന്യങ്ങളും മുഖാമുഖം നിൽക്കുന്നത്.

ആകാശ് മിസൈൽ

@ഇന്ത്യ സ്വന്തമായി നിർമ്മിച്ച ഭൂതല - വ്യോമ മിസൈൽ

@ പോർവിമാനങ്ങൾ,​ ക്രൂസ്,​ ബാലിസ്റ്റിക് മിസൈലുകൾ,​ ഡ്രോൺ തുടങ്ങിയവയെ 30 കിലോമീറ്റർ അകലെ നിന്ന് പ്രഹരിക്കും

@2000 ചതുരശ്ര കിലോമീറ്ററിൽ വ്യോമ സംരക്ഷണം

@നീളം 5.8 മീറ്റർ,​ വ്യാസം 35 സെന്റിമീറ്റർ

@ഭാരം 720 കിലോഗ്രാം

@പോർമുന 50 - 60 കിലോഗ്രാം

@ഓടുന്ന ടാങ്കുകളിലും ട്രക്കുകളിലും നിന്ന് വിക്ഷേപിക്കാം

@നാല് ലോഞ്ചറുകളിലായി 12 മിസൈലുകൾ ആണ് ഒരു ബാറ്ററി

@ഓരോ ലോഞ്ചറിലും മൂന്ന് മിസൈലും ഒരു റഡാറും

@ശത്രുവിന്റെ 64 ലക്ഷ്യങ്ങൾ ഒരേ സമയം ട്രാക്ക് ചെയ്യും

@അവയിൽ 12 ലക്ഷ്യങ്ങളിൽ 12 മിസൈലുകൾ ഒരുമിച്ച് പ്രഹരിക്കും

@നിയന്ത്രിക്കുന്നത് രാജേന്ദ്ര എന്ന റ‌ഡാർ വഴി

@സെക്കൻഡിൽ 860 മീറ്റർ വേഗത ( ശബ്ദത്തിന്റെ രണ്ടര മടങ്ങ് )​​

@പറക്കുന്ന പരമാവധി ഉയരം 18 കിലോമീറ്റർ ( 59,​000 അടി)​

@അമേരിക്കയുടെ പാട്രിയോട്ട് മിസൈലിനേക്കാൾ കൃത്യത