jayasankar

ന്യൂഡൽഹി: രാഷ്‌‌ട്രീയ ഭിന്നതകൾ മാറ്റിവച്ച് കൊവിഡിനെതിരെ ലോകം ഒന്നിച്ച് പൊരുതണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. കൊവിഡിനൊപ്പം വ്യാജവാർത്തകളുടെ തള്ളിക്കയറ്റവും ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൾട്ടിലാറ്ററൽ അന്താരാഷ്‌ട്ര സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും രാഷ്‌ട്രീയം മാറ്റിവച്ച് കൊവിഡിന്റെ കാരണങ്ങളും പ്രതിരോധ നടപടികളും ചർച്ച ചെയ്യേണ്ട സമയമാണിത്. ഭാവിയിലുണ്ടാകുന്ന മഹാമാരികളെ ചെറുക്കാനുള്ള ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനെക്കുറിച്ചും ചർച്ച വേണം. എന്നാൽ ഇതോടൊപ്പം വ്യാജ വാർത്തകളെ കരുതിയിരിക്കുകയും വേണം. ലോകം നേരിടുന്ന വലിയൊരു ഭീഷണിയാണിത്. ഈ രണ്ട് ആക്രമണങ്ങളെയും ഒന്നിച്ച് ചെറുക്കണം. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യ ജനങ്ങളെയും സമൂഹങ്ങളെയും ലോക രാജ്യങ്ങളെയും ഒന്നിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.