ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.25ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 15,617പേർക്ക് രോഗം സ്ഥിരീകരിച്ചു. 370പേർ മരിച്ചു. അതേസമയം 3.03ലക്ഷം പേർ രോഗവിമുക്തി നേടിയത് ആശ്വാസമായി. ഇന്നലെ മാത്രം 12,202പേർക്ക് രോഗം ഭേദമായി.
മഹാരാഷ്‌ട്രയിൽ ഇന്നലെ 5318പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 48മണിക്കൂറിനുള്ളിൽ 167 മരണവും റിപ്പോർട്ട് ചെയ്‌തു. രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ ഇന്നലെ 2948 പുതിയ കേസുകൾ. 66മരണം. ആകെ കേസുകൾ 80,188. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3713 പേർക്ക്. 68 മരണം. ആകെ മരണം ആയിരം കടന്നു.
എം.എൽ.എയ്ക്ക് കൊവിഡ്
തമിഴ്നാട്ടിൽ ഒരു ഡി.എം.കെ എം.എൽ.എയ്ക്ക് കൂടി കൊവിഡ്. കാഞ്ചീപുരം ജില്ലയിലെ ചെയ്യുർ മണ്ഡലം എം.എൽ.എ ആർ.ടി അരസുവിനാണ് രോഗം സ്ഥിരീകരിച്ചത്. ഡി.എം.കെയുടെ തന്നെ മറ്റൊരു എം.എൽ.എ വസന്തം കാർത്തികേയൻ കൊവിഡ് ബാധിച്ച് ചികിത്സിയിലുണ്ട്. ഡി.എം.കെയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ ജെ.അൻപഴകൻ അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.എ.ഐ.എ.ഡി.എം.കെ നേതാക്കളായ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.പി അൻപളകനും, ശ്രീപെരുമ്പത്തൂർ എം.എൽ.എ കെ. പളനിയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയ്ക്കും താനെ ജില്ലയിലെ ഒരു ബി.ജെ.പി എം.എൽ.എയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ അടുത്തിടെയാണ് കൊവിഡ് രോഗമുക്തി നേടിയത്.
ഒരു സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരി മുഖ്യമന്ത്രിയുടെ ഓഫീസ് അണുവിമുക്തമാക്കാനായി രണ്ടുദിവസത്തേക്ക് അടച്ചു. നിയമസഭാ മന്ദിര സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് ഇന്നലെ മുതൽ അടച്ചത്.
കച്ചിൽ 11 സൈനികർക്ക് രോഗം
ആന്ധയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ. എ. എസ് ഓഫീസർക്ക് കൊവിഡ്.
മലയാളി മരിച്ചു
മുംബയിൽ ഗൊരേഗാവ് വെസ്‌റ്റ് ബാംഗൂർ നിവാസിയും പാലക്കാട് സ്വദേശിയുമായ സുബ്രഹ്മണ്യം(85) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് പത്തു ദിവസം മുൻപാണ് ഗൊരെഗാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ വീണാ സുബ്രഹ്‌മണ്യൻ, മകൻ: ജയറാം (ലണ്ടൻ).