amid-sha

ന്യൂഡൽഹി: കൊവിഡ് രോഗമായാലും അതിർത്തിയിലെ സംഘർഷമായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം പൊരുതി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാപറഞ്ഞു. പാകിസ്ഥാനെയും ചൈനയെയും സഹായിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിൽക്കണമെന്നും വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖ്യത്തിൽ അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. ജൂലായിൽ അഞ്ചര ലക്ഷത്തിലധികം കേസുകളുണ്ടാകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞത് ആശങ്കയുണ്ടാക്കിയിരുന്നു.തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം താൻ വിളിച്ച യോഗത്തിലെ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി ജൂലായിൽ കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന സർക്കാരുമായി നല്ല ഏകോപനമുണ്ട്. കേജ്‌രിവാളുമായി ചർച്ച ചെയ്യുന്നു. ജൂൺ 30നുള്ളിൽ 30,000 കിടക്കകൾ തയ്യാറാകും. റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകളും ലഭ്യമാക്കും. ചികിത്സാ ചെലവ് കുറയ്‌ക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്‌കരിക്കാനും ഏർപ്പാടുണ്ടാക്കി.

ഡൽഹിയിൽ സമൂഹവ്യാപനമില്ലെന്ന് ഉറപ്പിച്ച് പറയാനാകും. ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയതിനാൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് രോഗവ്യാപനം തടയാനാകും.ഡൽഹിയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

വക്രദൃഷ്‌ടിയുള്ളവർ എല്ലാറ്റിലും ദോഷം കണ്ടെത്തുമെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ പരാമർശിച്ച് അമിത്ഷാ പറഞ്ഞു. രാഹുലിനെ ഉപദേശിക്കാൻ താൻ ആളല്ല. കൊവിഡിനെതിരെ സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്.

രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോൾ പ്രമുഖ പാർട്ടിയുടെ മുൻ അദ്ധ്യക്ഷന്റെ ആരോപണങ്ങൾ പാകിസ്ഥാനും ചൈനയും മുതലെടുക്കാൻ അവസരമാകുന്നത് ദൗർഭാഗ്യകരമാണ്. 1962 മുതലുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. പക്ഷേ സൈന്യം അതിർത്തിയിൽ പോരാടുമ്പോൾ, സർക്കാർ ശക്തമായ നിലപാടെടുക്കുമ്പോൾ പാകിസ്ഥാനും ചൈനയ്‌ക്കും അനുകൂല സാഹചര്യമുണ്ടാക്കുന്ന നടപടി പാടില്ല.

ഗാന്ധി കുടുംബത്തിനെതിരെയും അടിയന്തരാവസ്ഥയ്‌ക്കുമെതിരെ നടത്തുന്ന വിമർശനങ്ങൾക്ക് കാരണമുണ്ട്. ഒരു കുടുംബത്തിൽ നിന്നുള്ളവരല്ല ബി.ജെ.പി അദ്ധ്യക്ഷൻമാരാകുന്നത്. എന്നാൽ ഇന്ദിരാഗാന്ധിക്ക് ശേഷം കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന് വെളിയിൽ നിന്ന് അദ്ധ്യക്ഷനുണ്ടായോ?​. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കിയ ആക്രമമെന്ന നിലയിൽ അടിയന്തരാവസ്ഥ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.