ന്യൂഡൽഹി :കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിലെ എ.സി കോച്ചുകളിൽ ഓപ്പറേഷൻ തിയേറ്ററുകൾക്ക് സമാനമായ രീതിയിൽ ശുദ്ധവായു ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററുകളിലേത് പോലെ മണിക്കൂറിൽ 16-18 തവണ എ.സി. കോച്ചുകളിലെ വായു പൂർണമായും മാറ്റുന്നതാണ് ഈ സംവിധാനം. വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനായി ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുതിയ പരിഷ്‌കരണം.
പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ സർവീസ് നടത്തുന്ന രാജധാനി ട്രെയിനുകളിൽ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു ട്രെയിനുകളുടെ എ.സി കോച്ചുകളിലും നടപ്പാക്കും. എ.സി. കോച്ചുകളിലെ വായു മണിക്കൂറിൽ കുറഞ്ഞത് 12 തവണ പൂർണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ പറയുന്നത്. മുമ്പ് മണിക്കൂറിൽ ആറ് മുതൽ എട്ടുതവണ വരെയാണ് വായു പൂർണമായും മാറ്റിയിരുന്നത്. ഇപ്രകാരം കോച്ചുകളിലേക്ക് എത്തുന്ന വായുവിൽ 20 ശതമാനം മാത്രമാണ് ശുദ്ധവായു. ബാക്കിയുള്ള 80 ശതമാനവും റിസർക്കുലേറ്റ് ചെയ്യപ്പെടുന്ന വായുവായിരുന്നു. വായുസഞ്ചാരത്തിലുണ്ടാകുന്ന വർദ്ധനവ് ഊർജ ഉപഭോഗത്തിലും 1 0മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി നൽകേണ്ടി വരുന്ന തുകയാണ് ഇതെന്നും ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാർക്കായി പുതപ്പ് വിതരണം ചെയ്യാത്തതിനാൽ സെൻട്രലൈസ്ഡ് എ.സിയുടെ താപനില 25 ഡിഗ്രി ആയി നിലനിർത്തും. നേരത്തേ ഇത് 23 ആയിരുന്നു.