galwan

ന്യൂഡൽഹി: ഗാൽവൻ താഴ്‌‌വരയിൽ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് പട്ടാളം നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളടക്കം കൈയ്യേറ്റങ്ങളുടെ കൂടുതൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ജൂൺ 15ന് 20 സൈനികർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സൈന്യം പൊളിച്ച ടെന്റും മറ്റും കൂടുതൽ സന്നാഹങ്ങളോടെ പുനർ നിർമ്മിച്ചിട്ടുണ്ട്..

നിയന്ത്രണ രേഖയ്‌‌ക്കടുത്ത് പട്രോൾ പോയിന്റ് 14ന് സമീപം ഗാൽവൻ നദി വളഞ്ഞൊഴുകുന്ന ഭാഗത്തെ തിട്ടയിൽ 130 മീറ്ററോളം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറി ചൈന ടെന്റുകളും കാവൽപ്പുരകളും നിർമ്മിച്ചതിന്റെ ചിത്രമാണ് പ്ളാനറ്റ് ലാബ്സ് പുറത്തുവിട്ടത്. .ഈ ഭാഗത്ത് നിയന്ത്രണ രേഖ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല..സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്‌ചയിലുണ്ടാക്കിയ ധാരണ ചൈന പാടെ അവഗണിച്ചെന്നും വ്യക്തമായി.

ഇന്ത്യ-ചൈന തർക്കം പാംഗോഗ് ടിസോ മേഖലയിൽ കേന്ദ്രീകരിച്ച സമയത്ത് ഗാൽവൻ താഴ്‌വരയിൽ കാര്യമായ നിർമ്മാണ പ്രവർത്തനങ്ങളുണ്ടായിരുന്നില്ലെന്ന് മേയ് 22ന്റെ ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. പിന്നീടാണ് ടെന്റ് നിർമ്മിച്ചത്. ജൂൺ 15ന് ഇന്ത്യൻ സേന തകർത്തതിന് ശേഷമുള്ള ഉപഗ്രഹ ചിത്രത്തിൽ അവശിഷ്‌ടങ്ങൾ കാണാം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചൈന കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ജൂൺ 22ന്റെ ചിത്രം സൂചിപ്പിക്കുന്നു. നദീ തീരത്തെ പാറക്കെട്ടിനോട് ചേർന്ന് പിങ്ക് നിറത്തിലുള്ള ടാർപോളിൻ കൊണ്ട് മൂടിയ നിരവധി ടെന്റുകളും 75ൽ അധികം സൈനികർ കാവൽ നിൽക്കുന്നതും വ്യക്തമാണ്. ജൂൺ 25ലെ ഉപഗ്രഹ ചിത്രത്തിൽ, പിങ്ക് ടാർപോളിൻ മാറ്റി കറുത്ത നിറമുള്ളവ കൊണ്ട് മൂടിയതായി കാണുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ചില നിർമ്മിതികൾ ഒലിച്ചു പോയിട്ടുണ്ട്. .. ഇന്ത്യൻ സേനയുടെ പട്രോളിംഗ് തടയാനും , കൂടുതൽ ഉള്ളിലേക്ക് കടന്നു കയറാനും സഹായകരമായ വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.