ന്യൂഡൽഹി: വാർത്ത ഏജൻസി പി.ടി.ഐ രാജ്യദ്രോഹ നിലപാട് സ്വീകരിക്കുന്നുവെന്ന പ്രസാർ ഭാരതിയുടെ ആരോപണത്തിനെതിരെ പ്രസ് അസോസിയേഷൻ, ദ ഇന്ത്യൻ വിമൻസ് പ്രസ് കോപ്‌സ് (ഐ.ഡബ്ലിയു. പി.സി) എന്നീ മാദ്ധ്യമസംഘടനകൾ പ്രതിഷേധിച്ചു. പി.ടി.ഐ ചേരിതിരിവില്ലാതെ നിഷ്പക്ഷമായി തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെടുകയാണെന്നും അതിനെ തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും ഐ.ഡബ്ലിയു.പി.സി സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു. ഒരു സംഭവുമുണ്ടാകുമ്പോൾ ഇരു പക്ഷക്കാരുടേയും അഭിപ്രായം തേടുകയെന്നത് മാദ്ധ്യമധർമമാ
ണ്.
ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ ചൈനീസ് അംബാസഡർ സൻ വെടോങ്ങിന്റെ അഭിമുഖം 25നാണ് പി.ടി.ഐ പ്രസിദ്ധീകരിച്ചത്. ചൈനയുടെ ഭൂമിയിലേക്ക് ഇന്ത്യ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നും പ്രശ്‌നം വഷളാക്കിയത് ഇന്ത്യയാണെന്നും ചൈനീസ് അംബാസഡർ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിമുഖത്തിൽ ചൈനയെ അനുകൂലിച്ചെന്ന് ആരോപിച്ച് പ്രസാർ ഭാരതി പി.ടി.ഐക്ക് വിമർശന കത്ത് എഴുതിയത്.
ഇത് ആദ്യമായല്ല പി.ടി.ഐ സർക്കാരിനെതിരെ തെറ്റായ വാർത്തകൾ നൽകുന്നതെന്നും ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഏജൻസിയിൽ നിന്ന് വാർത്തകൾ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കത്തിൽ പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടികാട്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവരും നേരത്തേ പി.ടി.ഐക്കെതിരെ രംഗത്ത് വന്നിരുന്നു. ഓരോവർഷവും കോടിക്കണക്കിന് രൂപയുടെ കരാർ പ്രസാർ ഭാരതിയുമായി പി.ടി.ഐക്കുണ്ട്.