online-liquor

ന്യൂഡൽഹി: ഓൺലൈനിൽ മദ്യം വിതരണം ചെയ്യാമെന്ന് വാഗ്‌ദാനം നൽകി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന സഞ്ജയ് ബാരുവിൽ നിന്ന് 24,000 രൂപ തട്ടിയെടുത്ത വിരുതനെ ഡൽഹി പൊലീസ് അറസ്‌റ്റു ചെയ്‌തു. ലോക്ക് ഡൗൺ സമയത്താണ് സംഭവം. ഇന്റർനെറ്റിൽ തിരഞ്ഞപ്പോളാണ് മദ്യം ഓൺലൈനിൽ വിതരണം ചെയ്യുന്ന ഒരു കടയുടെ പേരും ഫോൺ നമ്പരും ലഭിച്ചത്. മദ്യം എത്തിക്കാൻ 24,000രൂപ ഓൺലൈനായി ട്രാൻസ‌്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. പണം കൈമാറിയെങ്കിലും സാധനം കിട്ടിയില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സഞ്ജയിന്റെ പരാതി പ്രകാരം പൊലീസ് ആ നമ്പർ വച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കാർ ഡ്രൈവറാണ് പ്രതിയെന്ന് കണ്ടെത്തി. വ്യജ മൊബൈൽ നമ്പരുകളിൽ നിന്ന് ഇരകളുമായി സംസാരിച്ച് തട്ടിപ്പ് നടത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കും. പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യും. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നറിയാൻ ചോദ്യം ചെയ്‌തു വരികയാണ്.