covid-hospital

ന്യൂഡൽഹി: കൊവിഡ് വ്യാപനം ആശങ്കയാകുന്ന രാജ്യ തലസ്ഥാനത്ത് ഛത്തർപൂരിൽ രാധാ സ്വാമി സത്‌സംഗുകാർ വിട്ടു നൽകിയ സ്ഥലത്ത് തയ്യാറാക്കിയ 10,000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ കേന്ദ്രം ലോകത്തെ തന്നെ മികച്ച കൊവിഡ് ചികിത്സാ കേന്ദ്രമാകും. 29 ഏക്കറിൽ 22 ഫു‌ട്ബാൾ മൈതാനങ്ങളുടെ അത്ര വലിപ്പം വരുന്ന സ്ഥലത്താണ് കേന്ദ്രം തയ്യാറാക്കിയത്.

50 കിടക്കകൾ വീതമുള്ള 200 വാർഡുകളുള്ള കേന്ദ്രത്തിൽ 2000 കിടക്കകൾ രോഗികൾക്കായി തയ്യാറായിട്ടുണ്ട്. ജൂലായ് ഒന്നിന് കേന്ദ്രം പൂർണ സജ്ജമാകും. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന തരത്തിൽ കാർഡ്ബോർഡ് കൊണ്ടാണ് ഇവിടുത്തെ കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. ഒാരോ ബെഡിനും അഞ്ച്മീറ്റർ അകലം. ഓരോ ബെഡിനൊപ്പവും ഇരിപ്പിടവും മാലിന്യമിടാനുള്ള പാത്രവും ഉണ്ടാകും. ഇതിൽ 9000കിടക്കൾ കൊവിഡ് രോഗികൾക്കും ബാക്കിയുള്ളവ ഗുരുതരാവസ്ഥയിലുള്ളവർക്കുമാണ്.

വിനൈൽ വിരിച്ച തറ വൃത്തിയായി സൂക്ഷിക്കാൻ എളുപ്പം. തണുപ്പ് നിലനിറുത്താൻ 18,000 ടണ്ണിന്റെ എസിയാണ് ഘടിപ്പിച്ചിട്ടുള്ളത്. രോഗികളെ നിരീക്ഷിക്കാൻ സദാ കണ്ണു തുറന്ന് സി.സി ടിവി കാമറകളുമുണ്ട്. രോഗികൾക്കായി പുറത്ത് 500 ശൗചാലയങ്ങളും 450 കുളിമുറിയും.

ലോക്ക് ഡൗൺ സമയത്ത് ഡൽഹി സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ സൗകര്യമൊരുക്കിയ വലിയ അടുക്കളയിൽ നിന്ന് മൂന്നുനേരം രോഗികൾക്ക് ഭക്ഷണമുണ്ടാക്കും.

ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിനാണ് കേന്ദ്രത്തിന്റെ പരിപാലചന ചുമതല. ഡോക്‌ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ആയിരത്തോളം പേരുടെ സേവനം ലഭ്യമാകും. 75ഓളം ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്.