terrorist

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ അനന്ത്നാഗിൽ പാകിസ്ഥാൻ ആസ്ഥാനമായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ മസൂദ് എന്ന റഹി അടക്കം മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. മസൂദിന്റെ വധത്തോടെ ജമ്മുകാശ്‌മീരിലെ ദോഡ ജില്ലയെ ഭീകരവിമുക്തമായി പ്രഖ്യാപിച്ചു.

അനന്ത്‌നാഗിലെ ഖുൽ ചൊഹാർ റാണിപ്പോരയിൽ ഭീകരർ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും അനന്ത്നാഗ് പൊലീസും പ്രദേശം വളഞ്ഞു. ഭീകരർ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മസൂദും രണ്ട് ലഷ്‌കർ ഇ തയ്ബ ഭീകരരും ജമ്മുകാശ്‌മീർ സ്വദേശികളുമായ താരിഖ് ഖാൻ, നദീം എന്നിവരും കൊല്ലപ്പെട്ടതായി ജമ്മുകാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗ് അറിയിച്ചു. ദോഡ ജില്ലയിലെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മസൂദ് ആയിരുന്നു.

എട്ടാം ക്ളാസുവരെ പഠിച്ച മസൂദ് 2018ൽ ഒരു മാനഭംഗക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ നാടു വിട്ട് ഭീകരസംഘടനയിൽ ചേരുകയായിരുന്നു. ഇയാളുടെ സഹോദരൻ ഫറൂഖ് അഹമ്മദ് 1999 മുതൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനം നടത്തുകയാണ്. ജൂണിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കാശ്‌മീർ താഴ്‌വരയിൽ 46 ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് ഐ ജി വിജയ് കുമാർ പറഞ്ഞു. അടുത്ത കാലത്തെ ഏറ്റവും വലിയ നേട്ടമാണിത്. ഇക്കൊല്ലം ഇതുവരെ ഏഴ് കമാൻഡർമാർ അടക്കം 116 ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുൾ കമാൻഡർ റിയാസ് നായിക്കുവിനെ ഇല്ലാതാക്കിയതാണ് സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടം.