ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതൃനിരയിലെ തർക്കങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി രാജിവച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായ 90കാരൻ ഗിലാനി കുറച്ചു നാളായി ഹുറിയത്ത് നേതാക്കളുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ വ്യത്യാസമുള്ളതിനാൽ പാർട്ടിയിൽ തുടരാനാകില്ലെന്ന് ഇന്നലെ പുറത്തുവിട്ട ശബ്‌ദ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്യാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ കഴിയാതിരുന്നത് ഗിലാനിയുടെ കഴിവു കേടായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിൽ കലാശിച്ചത്.
1990കളിൽ ജമ്മുകാശ്‌മീരിൽ വിഘടനവാദം ഉടലെടുത്ത നാളുകളിൽ മുൻ കാശ്‌മീർ ജമാഅത്തെ ഇസ്ളാമി നേതാവായിരുന്ന ഗിലാനി തെഹ്‌റിക് ഇ ഹുറിയത്ത് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. തെഹ്‌റിക്കിൽ തുടർന്ന് പ്രവർത്തിക്കുമോ എന്ന് ഗിലാനി വ്യക്തമാക്കിയിട്ടില്ല. കാശ്‌മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ജുനൈദ് സെഹാരിയുടെ പിതാവ് മുഹമ്മദ് അഷ്‌റഫ് സെഹാരിയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ്. ഗിലാനി സോപോർ മണ്ഡലത്തിൽ നിന്ന് 1972, 1977, 1987 വർഷങ്ങളിൽ അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.