ന്യൂഡൽഹി:കറുത്ത ടീ ഷർട്ടും ട്രൻഡി ലൂസ് പാൻസുമൊക്കെയിട്ട് വിലയിലും പ്രൗഡിയിലും ലോകത്തെ മുൻനിര ബൈക്കുകളിലൊന്നായ ഹാർലി ഡേവിഡ്‌സണിൽ സ്റ്റൈലൻ ലുക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ട്വിറ്ററിലെ വൈറൽ പോസ്റ്റുകളിൽ ട്രെന്റിംഗാണ് ഹാർലി ഡേവ്ഡ്‌സണിന്റെ ലിമിറ്റഡ് എഡിഷൻ ബൈക്കായ 'സി.വി.ഒ.2020 'യിലിരുന്നുള്ള ചീഫ് ജസ്റ്റിസിന്റെ ചുള്ളൻ ലുക്ക്. അൻപത്തിയൊന്ന് ലക്ഷമാണ് ബൈക്കിന്റെ വില.ചിത്രങ്ങൾ നാഗ്പൂരിൽ നിന്നുള്ളതാണ്.ലോക്ക്ഡൗൺ മൂലം ഏറെ നാളായി ചീഫ് ജസ്റ്റിസ് ജന്മനാടായ നാഗ്പൂരിലാണ്. നാഗ്പൂരിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടയൊണ് കേസുകൾ പരിഗണിക്കുന്നത്. ബൈക്കുകളോടുള്ള പ്രിയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളയാളാണ് അറുപത്തിനാലുകാരനായ ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിന് സ്വന്തമായി ബുള്ളറ്റുമുണ്ടായിരുന്നു.
ബൈക്ക് ബി.ജെ.പി നേതാവിന്റെ മകന്റേതെന്ന്
ചിത്രങ്ങൾ വൈറലായതോടെ വ്യാപക വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്. പൗരന്മാർക്ക് നീതി അപ്രാപ്യമാക്കി കോടതി അടച്ചിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ആഢംബര ബൈക്കിൽ യാത്ര ചെയ്യുന്നതെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ ആരോപിച്ചു.
ബി.ജെ.പി നേതാവിന്റെ അൻപതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെൽമറ്റോ ഇല്ലാതെ. പൗരന്മാർക്ക് നീതി നിഷേധിച്ച് സുപ്രീം കോടതി അടച്ചിട്ടുകൊണ്ടാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ പറയുന്നു. ബൈക്ക് നാഗ്പുരിലെ ബി.ജെ.പി. നേതാവ് സോൻബ മുസാലെയുടെ മകൻ രോഹിത് സോൻബാജി മുസാലെയുടെ ഉമസ്ഥതയിലുള്ളതാണെന്നും ആരോപണങ്ങളുണ്ട്.അഭിഭാഷകരടക്കം നാനാതുറയിൽ നിന്നുള്ള ഒട്ടെറെ പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.