
ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ സംഘർഷം നിലനിൽക്കേ, പ്രഹരശേഷിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഫ്രഞ്ച് നിർമ്മിത അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങളിൽ ആറെണ്ണം ഉടൻ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവും. അത്യാധുനിക മീറ്റിയോർ, സ്കാൽഫ് മിസൈലുകൾ ഘടിപ്പിച്ച് ആക്രമണ സജ്ജമാക്കിയാണ് റാഫേലിന്റെ വരവ്. ജൂലായ് 27ന് ഇന്ത്യയ്ക്ക് കൈമാറുമെന്നാണറിയുന്നത്. റാഫേൽ പറത്തുന്നതിന് ഏഴ് വ്യോമസേനാ പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനത്തിലാണ്. അടുത്ത ബാച്ചിനെ ഉടൻ അയയ്ക്കാനും തീരുമാനമായി.
ദസോ കമ്പനിയിൽ നിന്ന് വാങ്ങുന്ന 36 റാഫേൽ വിമാനങ്ങളിൽ നാലെണ്ണം ആദ്യഘട്ടത്തിൽ കൈമാറാനായിരുന്നു തീരുമാനമെങ്കിലും അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ആറെണ്ണമാണ് ഇപ്പോൾ കൈമാറുന്നതെങ്കിലും അതിർത്തിയിലെ സംഘർഷം
രൂക്ഷമായാൽ കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കാമെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.
27ന് ഇന്ത്യയിൽ എത്തിക്കുന്ന വിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ ആരോ സ്ക്വാഡ്രന്റെ ഭാഗമാവും. 2016ലാണ് 59,000കോടി രൂപയ്ക്ക് 36 വിമാനങ്ങൾ വാങ്ങാൻ കരാറായത്.
റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.
2021ആദ്യപകുതിക്കു മുമ്പ് 18 വിമാനങ്ങളും തുടർന്ന് ഒരുവർഷത്തിനുള്ളിൽ ശേഷിക്കുന്ന വിമാനങ്ങളും കൈമാറാനാണ് ധാരണ.18 വിമാനങ്ങൾ ഹരിയാനയിലും ബാക്കി 18 പശ്ചിമ ബംഗാളിലെ ഹസീമറ സ്ക്വാഡ്രനിലുമാകും ചേരുന്നത്.
കരുത്തിൽ ഒന്നാമൻ
അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിച്ച് എത്തുന്നതോടെ ലോകത്തെ ഏറ്റവും മികച്ച റാഫേൽ പോർവിമാനം ഇന്ത്യയുടേതാകും. അസ്ത്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റാഫേൽ എത്തുന്നത്.
വിമാനത്തിന്റെ നീളം 15.30 മീറ്റർ
വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ
9.3 ടൺ ആയുധങ്ങൾ വിമാനത്തിനു വഹിക്കാം
ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത്
ശത്രുസേനയുടെ മിസൈലുകൾ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ
ആയുധബലം
മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ
യൂറോപ്യൻ നിർമ്മിതം
ആകാശത്തെ ലക്ഷ്യം തകർക്കാനുള്ള മിസൈൽ
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കും
മിസൈലിന്റെ ദൂരപരിധി: 120 – 150 കിലോമീറ്റർ
∙
സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ
ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈൽ. ദൂരപരിധി 300 കിലോമീറ്റർ. ഒരു വിമാനത്തിന് 2 സ്കാൽപ് മിസൈലുകൾ വഹിക്കാം.
∙