vk-singh

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ - ചൈന സൈനിക സംഘർഷത്തിനു തുടക്കമായത് ചൈന നിർമ്മിച്ച ടെന്റിന് തീപിടിച്ചതോടെയാണെന്ന് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. ജൂൺ 15ന് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ ചൈനീസ് ടെന്റിന് തീപിടിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

സൈനിക കമാൻഡർമാരുടെ ചർച്ചയിൽ നിയന്ത്രണ രേഖയ്‌ക്കു സമീപം നിർമ്മിച്ച ടെന്റ് പൊളിക്കാമെന്ന് ധാരണയായിരുന്നു. എന്നാൽ ജൂൺ 15ന് വൈകിട്ട് പട്രോളിംഗിന് ചെന്നപ്പോൾ ചൈനീസ് പട്ടാളം അവിടെ തുടരുന്നത് കണ്ട് കേണൽ സന്തോഷ് ബാബുവും സംഘവും ചോദ്യം ചെയ്‌തു. ടെന്റ് പൊളിക്കണമെന്നും പിന്നോട്ട് പോകണമെന്നും കേണൽ ബാബു ആവശ്യപ്പെട്ടത് ചൈനക്കാർ അംഗീകരിച്ചു. ടെന്റ് പൊളിക്കുന്നതിനിടെയാണ് തീ പടർന്നത്. ഇതോടെ സംഘർഷം ഉടലെടുത്തുവെന്നും ഏറ്റുമുട്ടലിൽ കലാശിച്ചുവെന്നുമാണ് ജനറൽ വി.കെ.സിംഗ് പറയുന്നത്. ടെന്റിന് തീപിടിച്ചത് എങ്ങനെയെന്ന് വി.കെ. സിംഗ് പറഞ്ഞിട്ടില്ല. എന്നാൽ ചൈന അനധികൃതമായി നിർമ്മിച്ച ടെന്റ് ഇന്ത്യൻ സൈനികർ പൊളിച്ച് തീയിട്ടെന്ന വാർത്ത നേരത്തെ വന്നിരുന്നു.