covid-19

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഏറെ ഉപകാരപ്പെട്ടേക്കാവുന്ന പ്ളാസ്‌മാ ബാങ്ക് എന്ന ആശയവുമായി ഡൽഹി സർക്കാർ. ഡൽഹി ലിവർ ആൻഡ് ബൈലറി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്ളാസ്‌മാ ബാങ്ക് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഇതിന്റെ പ്രവർത്തനം നാളെ തുടങ്ങുമെന്നാണ് സൂചന.

കൊവിഡ് ബാധിച്ച് സുഖപ്പെടുന്ന രോഗികളിൽ നിന്ന്,​ രോഗംഭേദമായി 2-3 ആഴ്‌ചകൾക്കു ശേഷമാണ് പ്ളാസ്‌മ ശേഖരിക്കുക. കൊവിഡിനെ പ്രതിരോധിക്കാൻ രോഗിയുടെ രക്തത്തിൽ രൂപപ്പെടുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണിത്. രോഗം ഭേദമായവർ പ്ളാസ്‌മ ദാനം ചെയ്യാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്ളാസ്മാ ബാങ്കിലെത്തി രക്തം ദാനം ചെയ്യുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കും.

പ്ളാസ്‌മാ ചികിത്സയ്‌ക്ക് ഐ.സി.എം.ആർ നേരത്തെ അനുമതി നൽകിയിരുന്നു. തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എൽ.എൻ.ജെ.പി ആശുപത്രിയിൽ 29 രോഗികളിലും ഒരു സ്വകാര്യ ആശുപത്രിയിൽ 49 രോഗികളിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കൂടുതൽ രോഗങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ഡൽഹിയിൽ പ്ളാസ്‌മാ ചികിത്സയ്‌ക്ക് ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് പ്ളാസ്‌മാ ബാങ്ക് തുറക്കുന്നത്. സർക്കാർ- സ്വകാര്യ ആശുപത്രികൾക്ക് പ്ളാസ്‌മ നൽകുമെന്ന് കേജ്‌രിവാൾ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരും ഡൽഹിയുടേതിന് സമാനമായ നീക്കങ്ങൾ നടത്തുന്നുണ്ട്.